സൂപ്പർ ഹിറ്റ് തമിഴ് ചിത്രം കൈദിയുടെ സംവിധായകൻ ലോകേഷ് കനകരാജും കമലഹാസനും ഒന്നിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഉടൻ തന്നെ കമലഹാസനുമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ലോകേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.കമലഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ലോകേഷുമായി കരാർ ഒപ്പിട്ടു അഡ്വാൻസ് തുക നൽകിയതായാണ് റിപ്പോർട്ട്. വിജയ് നായകനാകുന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ലോകേഷ്. പേരിടാത്ത ഈ വിജയ് ചിത്രത്തിന്റെ ചിത്രീകരണം ഡൽഹിയിലാണ് നടന്നുവരുന്നത്. ചിത്രത്തിന്റെ തീം സോങ്ങിന്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. വിജയ് ചിത്രത്തിന്റെ തിരക്കുകൾ കഴിഞ്ഞതിനു ശേഷമായിരിക്കും ലോകേഷ് കമലഹാസൻ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക. കാർത്തി നായകനായ കൈതി 100 കോടി ക്ളബിലേക്ക് കുതിക്കുകയാണ്.
അതേ സമയം ഇന്ത്യൻ 2 വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമലഹാസൻ ഇപ്പോൾ ഗ്വാളിയാറിലാണ്. 1996 ൽ റിലീസായ ശങ്കർ ചിത്രം ഇന്ത്യനിലെ സേനാപതി എന്ന കഥാപാത്രമായാണ് കമലഹാസൻ ചിത്രത്തിലെത്തുന്നത്. സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് , പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ഇന്ത്യൻ 2 വിലെ പ്രധാന താരങ്ങൾ. തലൈവർ ഇരുക്കിറാൻ എന്നൊരു ചിത്രവും കമലഹാസൻ പ്രഖ്യാപിച്ചിരുന്നു. ഹിന്ദിയിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ സെയ്ഫ് അലിഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.