maoist-encounter

തിരുവനന്തപുരം: മഞ്ചിക്കണ്ടി മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പകരം ഡി.വൈ.എസ്.പി വി.എ ഉല്ലാസിന് ചുമതല നൽകി. ഡി.വെെ.എസ്.പി ഫിറോസ് രണ്ടാം ഏറ്റുമുട്ടലിന് സാക്ഷിയായിരുന്നു. സാക്ഷിതന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കി. ക്രെെംബ്രാഞ്ച് ഇത്തരത്തിൽ മുൻപ് കേസിൽ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്താൻ പാടില്ല എന്ന സുപ്രീം കോടതി നിർദേശമുള്ളതിനാലാണ് നടപടി.

അതേസമയം, കഴിഞ്ഞദിവസം മഞ്ചിക്കണ്ടിയിൽനിന്ന് മാവോയിസ്റ്റ് ഡയറിക്കുറിപ്പുകൾ കണ്ടെത്തിയിരുന്നു. കുറിപ്പിൽ ഭൂപ്രകൃതി അനുസരിച്ച് ആക്രമണം നടത്തേണ്ട രീതി വിവരിക്കുന്നുണ്ട്. രേഖാചിത്രങ്ങൾ അടങ്ങിയ കുറിപ്പുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഏത് രീതിയിൽ ആക്രമണം നടത്തണമെന്നതും ഡയറിക്കുറുപ്പിൽ വിവരിക്കുന്നു. ഇവരുടെ പക്കൽ നിന്ന് പിടിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് കടത്തിയതാണെന്നും കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ടവർക്ക് മാവോയിസ്റ്റ് നേതാവ് ദീപക് പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ നിന്നും കണ്ടെടുത്ത പെൻഡ്രൈവിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടൊപ്പം വിവിധ ഭൂപ്രകൃതികളിൽ ആക്രമണങ്ങൾ നടത്തേണ്ടത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന മാവോയിസ്‌റ്റ് കുറിപ്പും പൊലീസിന് ലഭിച്ചു.