red-182

തന്റെ മുഖം കോടിപ്പോയതുപോലെ തോന്നി ദേവനേശന്.

''സാർ...." അയാളുടെ വിലാപത്തിനൊപ്പം പല്ലുകൾക്കിടയിൽ ചോര വര പോലെയായി... ഞാൻ ... ഞാൻ എന്തു തെറ്റാ സാർ ചെയ്തത്?"

''ഒരു രാജ്യദ്രോഹിയെ സഹായിക്കുന്നതിൽ കൂടുതൽ എന്തു തെറ്റാടോ താൻ ചെയ്യേണ്ടത്?"

സി.ഐ അലിയാർ അയാളെ ബൊലേറോയിലേക്കു ചാരി.

''ഓരോ ഇടിക്കും താൻ ഓരോ കവിൾ ചോര ഛർദ്ദിക്കും. കാണണോ?"

ദേവനേശന്റെ ഷർട്ടിൽ അലിയാരുടെ പിടി ഒന്നുകൂടി മുറുകി.

''സാർ... ഞാൻ ആരെ സഹായിച്ചെന്നാ പറയുന്നത്?"

ചെറുത്തുനിൽക്കുവാൻ ഒരു അവസാന ശ്രമം നടത്തുകയായിരുന്നു ദേവനേശൻ.

''എന്റെ നാവിൽ നിന്നുതന്നെ തനിക്ക് അതു കേൾക്കണമെങ്കിൽ പറഞ്ഞേക്കാം. എം.എൽ.എ ശ്രീനിവാസ കിടാവിനെയും അനുജൻ ശേഖര കിടാവിനെയും. അങ്ങനെ ചെയ്തില്ലെന്നു താൻ പറഞ്ഞാൽ ഇനിയും ഇടി മേടിക്കും. സത്യം! നിക്കറിയാമോ... താൻ മാത്രമല്ല കിടാക്കന്മാരുമായി അടുപ്പമുള്ള ഒരു ഡസനിലധികം ആളുകൾ ഒരാഴ്ചയായി ഞങ്ങളുടെ നിരീക്ഷണത്തിലാണ്."

ദേവനേശന്റെ തല കുനിഞ്ഞു.

അലിയാർ ബൊലേറോയ്ക്ക് ഉള്ളിലേക്കു കൈനീട്ടി. അത് തിരിച്ചെടുത്തപ്പോൾ ഒരു വിലങ്ങുണ്ടായിരുന്നു.

ദേവനേശന്റെ കൈകളിൽ വിലങ്ങു വീണു.

''അപ്പോൾ നമ്മൾ പോകുകയാണ്. നിന്റെ യജമാനന്മാരുടെ അടുത്തേക്ക്."

അലിയാർ ചിരിച്ചു.

ദേവനേശന്റെ മുഖം ഭീതിയാൽ വിളറി.

താൻ കാട്ടിക്കൊടുത്തു എന്നറിഞ്ഞാൽ കിടാക്കന്മാർ ആദ്യം കൊല്ലുന്നത് തന്നെയായിരിക്കും.

''സാർ.. എന്നെ രക്ഷിക്കണം." ദേവനേശൻ അയഞ്ഞു.

''അല്ലെങ്കിൽ ഞങ്ങൾ കസ്റ്റഡിയിലെടുത്ത ആളിന്റെ രക്ഷ നോക്കേണ്ടത് ഞങ്ങടെ കടമയാടോ. താൻ പേടിക്കണ്ടാ."

അലിയാർ പുഞ്ചിരിച്ചു. പിന്നെ ഫോണെടുത്ത് എസ്.ഐ സുകേശിനെ വിളിച്ചു.

പതിനഞ്ചു മിനുട്ടിനുള്ളിൽ ഒരു സംഘം പോലീസുമായി സുകേശും എത്തി.

അപ്പോൾ പോകാം ദേവനേശാ."

സി.ഐയും എസ്.ഐയും പത്ത് പോലീസുകാരും അടങ്ങുന്ന സംഘം ദേവനേശനെയും കൂട്ടി വനത്തിലേക്കു കയറി. അത്യാവശ്യം ടോർച്ചുകളും ഹെഡ്‌ലൈറ്റുകളുമൊക്കെ അവർ കരുതിയിരുന്നു.

****

മൈസുരു.

സ്ത്രീകളുടെ സെല്ലിൽ ആയിരുന്നു ചന്ദ്രകല. അവളെ കൂടാതെ ആ മുറിക്കുള്ളിൽ അഞ്ച് വനിതാ തടവുകാർ കൂടി ഉണ്ടായിരുന്നു.

മോഷണം മുതൽ വ്യഭിചാരം വരെ തൊഴിലാക്കിയവർ.

എന്നാൽ ജയിലിൽ ആയതൊന്നും അവർക്ക് വലിയ പ്രശ്നമല്ലെന്നു തോന്നി. അവർ ഉച്ചത്തിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ട്.

ആദ്യമൊക്കെ ചന്ദ്രലയ്ക്കു അറപ്പായിരുന്നു. ജയിലിലെ ഭക്ഷണവും വെള്ളവുമൊക്കെ ഉപയോഗിക്കാൻ. പക്ഷേ വിശപ്പും ദാഹവും അതികഠിനമായപ്പോൾ കഴിക്കാതെ നിവൃത്തിയില്ലെന്നായി. അതു കണ്ട് മറ്റ് വനിതാ തടവുകാർ ചിരിച്ചു.

''ഇത്രയേ ഉള്ളെടീ കാര്യം. ഇതിനുള്ളിൽ വരുമ്പം നമ്മക്കെല്ലാം ഒരേ വിലയാ... ശരിക്കും എങ്ങനെ ജീവിച്ചാൽ നന്നായിരുന്നുവെന്ന് ഇവിടെ വരുമ്പഴാ ഓരോരുത്തരും ചിന്തിക്കുന്നത്."

പ്രായമുള്ള ഒരു സ്ത്രീയാണ് അതു പറഞ്ഞത്.

കാര്യം ശരിയാണെന്നു ചന്ദ്രകലയ്ക്കും തോന്നി. പണത്തോടുള്ള അത്യാർത്തി കാരണം എന്തൊക്കെ ചെയ്തുകൂട്ടി? ഒന്നിനും പോകാതെ സ്വസ്ഥമായി കോവിലകത്തു കഴിഞ്ഞാൽ മതിയായിരുന്നു...

പ്രജീഷും ഈ ജയിലിൽ എവിടെയോ ഉണ്ടെന്നു മാത്രം അറിയാം. പക്ഷേ ഇതുവരെ ഒന്നു കാണുവാൻ കഴിഞ്ഞിട്ടില്ല.

ജാമ്യത്തിനുവേണ്ടി ആരു സഹായിക്കും എന്നുപോലും അറിയില്ല അവൾക്ക്.

ദീർഘമായി നിശ്വസിച്ചുകൊണ്ട് ചന്ദ്രകല തറയിൽ വിരിച്ച പുൽപ്പായിൽ ഭിത്തിയിലേക്കു ചാരിയിരുന്നു.

..........................

അപ്പോൾ വനത്തിലെ കഞ്ചാവുതോട്ടത്തിൽ ചന്ദ്രകലയെയും പ്രജീഷിനെയും കുറിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ ശ്രീനിവാസകിടാവും അനുജൻ ശേഖരകിടാവും.

''ശേഖരാ." എം.എൽ.എ വിളിച്ചു. ''ജയി​ലാണെങ്കി​ലും പുറത്താണെങ്കി​ലും ജീവി​തകാലം മുഴുവൻ നമുക്കൊരു ഭീഷണി​യായി​ അവർ ഉണ്ടാവും. ചന്ദ്രകലയും പ്രജീഷും. ആ തലവേദന എത്രയും പെട്ടെന്ന് അവസാനി​പ്പി​ച്ചേ പറ്റൂ.

''എങ്ങനെ?"

ശേഖരൻ, ശ്രീനിവാസ കിടാവിനെ നോക്കി.

''ആരെങ്കിലും വഴി ഇരുവരെയും ജാമ്യത്തിലിറക്കണം. എന്നിട്ട് കൊന്ന് യാതൊരു തെളിവും ഇല്ലാത്ത രൂപത്തിൽ കുഴിച്ചുമൂടണം."

''അതൊക്കെ നമുക്ക് ഈസിയായി ചെയ്യാവുന്നതേയുള്ളൂ."

ശേഖരൻ തലയാട്ടി.

പകൽ മാഞ്ഞു.

ഇരുളിന്റെ കരിമ്പടം വനത്തിനു മുകളിൽ കെട്ടഴിഞ്ഞു വീണു. പിന്നെ ഇരുട്ട് മുകളിൽ നിന്നു താഴേക്കു വരുന്നതുപോലെ തോന്നി.

കഞ്ചാവുതോട്ടത്തിന്റെ തൊട്ടപ്പുറത്തെ കുന്നിൻ മുകളിൽ എത്തിയിരുന്നു സി.ഐ അലിയാരും സംഘവും.

''അതാ ആ കാണുന്നതാണ് കിടാക്കന്മാരുടെ കഞ്ചാവുതോട്ടം." ദേവനേശൻ താഴേക്കു കൈചൂണ്ടി.

മങ്ങിയ ഇരുട്ടിലും പച്ച പരവതാനി വിരിച്ചതുപോലെ തഴച്ചുവളർന്നു നിൽക്കുന്ന കഞ്ചാവുചെടികൾ അവർ കണ്ടു.

''അവരെവിടെയാണെന്നു പറ ദേവനേശാ..." അലിയാർ അക്ഷമനായി.

വിലങ്ങണിഞ്ഞ കൈകൾ നീട്ടി ദേവനേശൻ വിരൽ ചൂണ്ടി.

''അവിടെ... ആ പാറക്കെട്ടുകൾക്ക് അടിയിൽ..."

അലിയാരുടെ ഞരമ്പുകളിൽ ചോര കുതിച്ചുപായാൻ തുടങ്ങിയിരുന്നു...!

(തുടരും)