ശബരിമലയിൽ പ്രളയം വിതച്ച നഷ്ടങ്ങൾക്ക് പിന്നാലെ യുവതിപ്രവേശന വിഷയത്തിലുണ്ടായ വിവാദവും കടന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ കാലാവധി പൂർത്തിയാക്കുന്നത്. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ആയിരിക്കെയാണ് പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായത്. കഴിഞ്ഞ രണ്ട് വർഷം ബോർഡിനെ നയിച്ച പത്മകുമാർ യുവതിപ്രവേശന വിഷയത്തിൽ സ്വീകരിച്ച ചില നിലപാടുകൾ സർക്കാരിന്റെയും പാർട്ടിയുടെയും വിമർശനത്തിനിടയാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുമെന്നുവരെ അഭ്യൂഹങ്ങൾ പരന്നു. വിവാദങ്ങൾക്കിടയിലും അച്ചടക്കം പാലിച്ച് പാർട്ടിക്കൊപ്പം ചേർന്നുനടന്ന പത്മകുമാർ കേരളകൗമുദിയോട് സംസാരിക്കുന്നു-
രണ്ടു വർഷത്തെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു ?
പ്രളയവും യുവതി പ്രവേശന വിഷയങ്ങളുമുണ്ടായിരുന്നെങ്കിലും ദേവസ്വം ബോർഡിന്റെ വികസന പ്രവർത്തനങ്ങൾ നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ബോർഡിന്റെ വസ്തുവകകൾ സംരക്ഷിക്കാൻ കഴിഞ്ഞു. ശബരിമലയിലെ 94 ഏക്കർ സ്ഥലം വനംവകുപ്പുമായി ചേർന്ന് നടത്തിയ സർവേയിലൂടെ ദേവസ്വം ബോർഡിന്റേതാണെന്ന് സ്ഥാപിച്ചു. ബോർഡിന്റെ സ്വർണം, വെളളി ആഭരണങ്ങൾക്ക് കൃത്യമായ കണക്കുണ്ടാക്കി ഹൈക്കോടതിയിൽ നൽകി. ജീവനക്കാരുമായി ബന്ധപ്പെട്ട സർവീസ് റൂൾ പരിഷ്കരിച്ചു. സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു. പാവപ്പെട്ട ക്ഷേത്രവിശ്വാസികൾക്കായി ശരണാശ്രയം പദ്ധതി നടപ്പാക്കി. കോന്നിയിൽ ലാ കോളേജും കാട്ടാക്കടയിൽ ആർട്സ് കോളേജും ആരംഭിക്കാൻ നടപടിയായി. ശബരിമലയുടെ ബേസ് ക്യാമ്പ് ആകുന്ന നിലയ്ക്കലിൽ നൂറ് കോടിയുടെ കുടിവെളള പദ്ധതിക്ക് ടെൻഡറായി. ഹിൽടോപ്പിൽ നിന്ന് പമ്പയിലേക്ക് പുതിയ പാലത്തിനുളള പദ്ധതി സമർപ്പിച്ചു.
പുതിയ പ്രസിഡന്റിനെപ്പറ്റിയുളള അഭിപ്രായം?
ദേവസ്വം കമ്മിഷണർ എന്ന നിലയിൽ എൻ.വാസു ബോർഡിന് നല്ല സഹകരണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിചയം ബോർഡിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും.
യുവതി പ്രവേശന വിഷയത്തിൽ എൻ.വാസു ദേവസ്വം ബോർഡുമായി ഭിന്നതയിലായിരുന്നല്ലോ ?
ഓരോ വിഷയങ്ങളെ സംബന്ധിച്ച അഭിപ്രായമാണ് അതെല്ലാം. അത് പരിഹരിച്ചാണ് പോയിട്ടുളളത്. ഞങ്ങൾ വ്യക്തിപരമായി അടുപ്പമുളളവരാണ്. ബോർഡിന്റെ വികസനപ്രവർത്തനങ്ങൾക്ക് പൂർണതോതിൽ സഹായം നൽകിയയാളാണ് വാസു.
യുവതിപ്രവേശന വിഷയത്തിൽ ഭക്തരുടെ പക്ഷത്ത് നിന്നപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുളളവരിൽ നിന്ന് വിമർശനം നേരിട്ടില്ലേ?
മുഖ്യമന്ത്രിയുമായി ഒരിക്കലും ഭിന്നതയുണ്ടായിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളെന്ന നിലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും ദേവസ്വം ബോർഡിനുമുണ്ട്. സുപ്രീംകോടതി വിധി അംഗീകരിക്കുമ്പോൾ തന്നെ ഭക്തരുടെ താത്പര്യങ്ങളും സംരക്ഷിക്കാൻ ബോർഡ് ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പത്തനംതിട്ട പ്രസംഗം ഞാൻ മറന്നിട്ടില്ല. യുവതി പ്രവേശനത്തിൽ പുന:പരിശോധന ഹർജിയുമായി പോയി വടികൊടുത്ത് അടി വാങ്ങരുതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശരിയായിരുന്നുവെന്ന് പിന്നീട് മനസിലായി. മുഖ്യമന്ത്രി വേദനിപ്പിച്ചതല്ല, ഉപദേശിക്കുകയാണുണ്ടായത്.
അഭിഭാഷകരുമായി ആലോചിച്ച ശേഷമാണ് സാവകാശഹർജി കൊടുത്തത്. അത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ശബരിമല വികസനത്തിന് ഏറ്റവും കൂടുതൽ സഹായം ചെയ്തയാളാണ് മുഖ്യമന്ത്രി. ചെറിയ പ്രശ്നങ്ങൾ പോലും അദ്ദേഹം ശ്രദ്ധിച്ച് പരിഹരിക്കാൻ ആത്മാർത്ഥമായി ഇടപെട്ടു. കാണിക്കയിനത്തിൽ ബോർഡിന് നഷ്ടമുണ്ടായപ്പോൾ ബഡ്ജറ്റിൽ തുക വകയിരുത്തി.
നഷ്ടം പരിഹരിക്കാൻ അനുവദിച്ച 100കോടി ഇതുവരെ കിട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. ?
ആദ്യഗഡുവായ 30കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. പലരും പ്രചരിപ്പിക്കുന്നുണ്ട് അടുത്ത ഭരണസമിതിക്കേ പണം കൈമാറൂവെന്ന്. അങ്ങനെയല്ല. പണം അനുവദിക്കാൻ പുതിയ അക്കൗണ്ട് തുടങ്ങണം. ചെലവഴിക്കാൻ ഉദ്യോഗസ്ഥനെ നിയമിക്കണം. ഇങ്ങനെ ഒാരോ നടപടി ക്രമങ്ങളുണ്ട്. ആദ്യ ഗഡുവിന്റെ ഉപയോഗം കഴിഞ്ഞ ശേഷമേ അടുത്ത രണ്ട് ഗഡുക്കൾ ലഭിക്കുകയുളളൂ.
ചുമതല ഒഴിഞ്ഞ ശേഷം എന്താണ് പരിപാടി ?
ചുമതല ഒഴിയുന്ന 14ന് ശേഷം അത് തീരുമാനിക്കും. പാർട്ടി എന്തെങ്കിലും ചുമതല തന്നാൽ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാൻ സമയമുണ്ട്. പാർട്ടിയുടെ വിശ്വസ്തനായാണ് ഇതുവരെ പ്രവർത്തിച്ചിട്ടുളളത്.