afgan-cricketn-lover

ലഖ്‌നൗ: അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാനെത്തിയ അഫ്ഗാനിസ്ഥാൻ സ്വദേശിക്ക് താമസിക്കാൻ മുറി നൽകാതെ ഹോട്ടൽ ഉടമകൾ. അഫ്ഗാൻ സ്വദേശിയായ ഷേർ ഖാൻ എന്ന വ്യക്തിയാണ് ലക്‌നൗ മുഴുവൻ അന്തിയുറങ്ങാൻ സ്ഥലം അന്വേഷിച്ച് നടന്നത്. അദ്ദേഹത്തിന്റെ ഉയരമാണ് വില്ലനായത്.

എട്ട് അടി രണ്ട് ഇഞ്ച് ഉയരമുള്ള ഷേർ ഖാൻ നിരവധി ഹോട്ടലുകൾ സന്ദർശിച്ചുവെങ്കിലും,​ ആരും വാടകയ്ക്ക് മുറി നൽകാൻ തയ്യാറായില്ല. പരിചയമില്ലാത്ത സ്ഥലം,​പോരാഞ്ഞിട്ട് ഒറ്റയ്ക്കും. നിരാശയിലായ അദ്ദേഹം മറ്റു വഴികളില്ലാതെ വന്നപ്പോൾ പൊലീസിൽ അഭയം തേടി.

സഹായം തേടിയെത്തിയ ഷേർ ഖാനെ പൊലീസ് ചൊവ്വാഴ്ച രാത്രി നഖ എന്ന പ്രദേശത്തെ രാജധാനി എന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി. കാബൂൾ സ്വദേശിയായ ഇദ്ദേഹത്തെ കാണാൻ നൂറുകണക്കിനാളുകൾ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി.

'200 ഓളം ആളുകൾ ഷേർ ഖാനെ കാണാനെത്തി. അദ്ദേഹത്തിന് ഇത് വലിയ അസ്വസ്ഥതയുണ്ടാക്കി'- ഹോട്ടൽ ഉടമ രാണു പറഞ്ഞു. ഹോട്ടലിന് മുന്നിലെ ജനക്കൂട്ടം മൂലം അന്താരാഷ്ട്ര മത്സരം നടക്കുന്ന എകാന സ്റ്റേഡിയത്തിലേക്ക് ഷേർ ഖാന് പൊലീസ് അകമ്പടിയോടെ പോകേണ്ടിവന്നു. അടുത്ത നാലോ അഞ്ചോ ദിവസം കൂടി ഷേർ ഖാൻ ഈ ഹോട്ടലിൽ താമസിക്കുമെന്ന് അധികൃതർ പറഞ്ഞു.