'ഒടിയൻ' സിനിമയ്ക്കായി മോഹൻലാൽ രൂപപ്പെടുത്തിയെടുത്ത തന്റെ ശരീരം പിന്നീട് അദ്ദേഹം നിരന്തര വ്യായാമത്താൽ നിലനിർത്തുകയുണ്ടായി. അദ്ദേഹം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലാലിന്റേതായി പുറത്തുവന്ന ഫോട്ടോകളിലും വീഡിയോകളിലും ഒരാളെ കൂടി കാണാം. താരത്തിന് ശരിയായ വർക്ക്ഔട്ട് മുറകൾ പറഞ്ഞുകൊടുക്കുന്ന ഒരു ചെറുപ്പക്കാരൻ. കൊച്ചിയിലെ പ്രമുഖ ജിം ട്രെയ്നറാണ് മാർഷൽ എന്ന ഈ ചെറുപ്പക്കാരൻ. ഗായകൻ വിജയ് യേശുദാസാണ് 'കൗമുദി ടി.വിയുടെ 'ഡേ വിത്ത് എ സ്റ്റാറി'ലൂടെ മാർഷലിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.
സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ക്ലയന്റുകളെ ആരോഗ്യപരമായ ജീവിതത്തിലേക്ക് നയിക്കുന്ന മാർഷൽ വിജയ് യേശുദാസിനെയും ഏറെ സഹായിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ കരുത്ത് നൽകുന്ന, ശരീരത്തെ കണ്ടീഷൻ ചെയ്യുന്ന പരിശീലനത്തിനാണ് മാർഷൽ പ്രധാനമായും ഊന്നൽ നൽകുന്നത്. പോസ്ച്ചർ കറക്ഷൻ, സ്ലിപ് ഡിസ്ക് എന്നിവയാണ് ഈ ട്രെയിനിംഗ് രീതി കൊണ്ട് മാർഷൽ പരിഹരിക്കുന്നത്. നിരന്തര യാത്ര മൂലവും മറ്റും തനിക്ക് ഉണ്ടായിരുന്ന സ്ലിപ് ഡിസ്ക് പ്രശ്നങ്ങൾ പരിഹരിച്ചത് മാർഷലാണെന്നും വിജയ് യേശുദാസ് പറയുന്നു. തന്റെ ഈ ട്രെയിനിംഗ് രീതി ഉപയോഗിച്ച് പ്രായത്തെ തടുത്ത് നിർത്താനും യൗവനം നിലനിർത്താനും സാധിക്കുമെന്ന് മാർഷൽ പറയുന്നു.