തൃശൂർ: ഐ.പി.എസ് ഓഫീസർ ചമഞ്ഞ് വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി വിപിൻ കാർത്തികിനെ പൊലീസ് പിടികൂടി. എസ്.ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തത്തമംഗലം ബസ് സ്റ്റാന്റിന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഗുരുവായൂർ പൊലീസിന് കൈമാറി. തട്ടിപ്പിന് കൂട്ടുനിന്ന പ്രതിയുടെ അമ്മ തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വീട്ടിൽ ശ്യാമളയെ (58) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്ന് ഇയാൾ കടന്നുകളഞ്ഞു.
പലനാൾ തട്ടിപ്പ് നടത്തിയ അമ്മയും മകനും ഒടുവിൽ പൊലീസ് പിടിയിലാവുമെന്ന ഘട്ടമെത്തിയപ്പോൾ വിപിൻ പൊലീസിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അമ്മയെ പൊലീസിനു മുന്നിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. ജമ്മു കാശ്മീരിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് വ്യാജ ശമ്പള രേഖകൾ സമർപ്പിച്ച് ആറോളം ബാങ്കുകളെയാണ് ഇവർ കബളിപ്പിച്ചത്.
ബാങ്കിൽ നിന്നും ലോണെടുത്ത് 11 ആഡംബര കാറുകൾ വാങ്ങിയിരുന്നു, ഇതു കൂടാതെ പരിചയം സ്ഥാപിച്ച് ഗുരുവായൂർ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ സുധാദേവിയിൽ നിന്ന് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തു. സുധാദേവിയുടെ പരാതിയിലാണ് ശ്യാമളയെ അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പുമുപയോഗിച്ച് സാലറി സർട്ടിഫിക്കറ്റുണ്ടാക്കിയാണ് വിപിൻ തട്ടിപ്പ് നടത്തിയത്. തലശ്ശേരി ലോക്കൽ ഫണ്ട് ആഡിറ്റ് ഓഫീസിൽ പ്യൂണായിരുന്ന ശ്യാമളയെ വ്യാജ സാലറി സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് പിരിച്ചുവിട്ടിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം പതിനഞ്ചോളം കേസുകളാണ് വിപിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടത്തെ സാഹചര്യമനുസരിച്ച് ഇയാൾ ജോലി മാറ്റും. ഒരിടത്ത് ഐ.പി.എസാണെങ്കിൽ മറ്റൊരിടത്ത് ഐ.ടി ഉദ്യോഗസ്ഥനായിട്ടാകും എത്തുക.