sabarimala-

പമ്പ : ശബരിമലയിൽ നട തുറക്കുന്നതിന് കേവലം പത്തുനാൾ മാത്രം ശേഷിക്കവേ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനാവാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ലേല നടപടികളിൽ വ്യാപാരികൾ സഹകരിക്കാത്തതാണ് പ്രധാന കാരണം. തീർത്ഥാടകർക്ക് ആഹാരം പോലും മുടങ്ങുമെന്ന രീതിയിലാണ് കാര്യങ്ങൾ. സന്നിധാനത്ത് പ്രവർത്തിക്കുന്ന പത്തോളം ഹോട്ടലുകളിൽ കേവലം രണ്ടെണ്ണം മാത്രമാണ് ലേലംകൊണ്ടിട്ടുള്ളത്. തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് അന്നദാനം നടത്തുന്നുണ്ടെങ്കിലും ദിനം പ്രതി എത്തുന്ന രണ്ട് ലക്ഷത്തോളം തീർത്ഥാടകരിൽ കാൽഭാഗത്തിന് മാത്രമാണ് ഇവിടെ നിന്നും ആഹാരം നൽകാനാവുന്നത്. ബാക്കിയുള്ളവർ ഹോട്ടലുകളെയാണ് ആഹാരത്തിനായി ആശ്രയിക്കുന്നത്.

ഹോട്ടലുകളുടെ അതേ അവസ്ഥയാണ് നിലയ്ക്കലിലെ പാർക്കിംഗ്, വെടിവഴിപാട് തുടങ്ങിയവയിലും. ലേലം കൊള്ളാൻ ആരുമെത്താത്ത സ്ഥിതിയാണിവയ്ക്ക്. സന്നിധാനത്തെ പ്രധാന വഴിപാടായ പുഷ്പാഭിഷേക നടത്തിപ്പ്, നാളികേരം എടുക്കൽ എന്നിവയ്ക്കും ലേലത്തിൽ തണുപ്പൻ പ്രതികരണമാണുണ്ടായിരിക്കുന്നത്. ലേലത്തിൽ അടിസ്ഥാന തുക ഉയർന്ന് നിൽക്കുന്നതായും, ഇതി വെട്ടിക്കുറയ്ക്കണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഇതിനെ തുടർന്ന് അടിസ്ഥാനവിലയിൽ പത്ത് ശതമാനത്തോളം വെട്ടിക്കുറച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച ബോർഡ് ലേലം വിളിച്ചത്. എന്നാൽ വ്യാപാരികൾ നിസഹരണം തുടരുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോർഡിനെ ലേലനടപടികളിലെ ഇഴച്ചിൽ ഗുരുതരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ തവണ നാളീകേര ലേലം വഴി ഏഴുകോടിയും സന്നിധാനത്തെ ഹോട്ടൽ വഴി അഞ്ചുകോടി രൂപ വരെയുമാണ് ബോർഡിന് വരുമാനമായി ലഭിച്ചിരുന്നത്. സന്നിധാനത്തെ ഭക്ഷണപ്രതിസന്ധി മറികടക്കുവാനായി ഹോട്ടലുകളുടെ പ്രവർത്തനം കൺസ്യൂമർ ഫെഡ് പോലുള്ള ഏജൻസികളെ ഏൽപ്പിക്കുവാനും ബോർഡ് ആലോചിക്കുന്നുണ്ട്. വരുന്ന 11,12 തീയതികളിൽ വീണ്ടും ലേലം നടത്തുന്നുണ്ട് അന്നും ഇതേ സ്ഥിതി തുടർന്നാലേ ഏജൻസികളെ ഏൽപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ.