b-unnikrishnan-

കൊച്ചി : സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വർഗീയ വിഷമാണെന്ന ഗുരുതര ആരോപണവുമായി ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗം ഗിരീഷ് ബാബു. ഫെഫ്ക ഓഫീസിൽവെച്ച് അംഗമായ തന്നെ ക്രൂരമായി തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത ഫെഫ്കയിലെ കുപ്രസിദ്ധ ഗുണ്ടയെ നിയമ നടപടികളിൽനിന്നും സംരക്ഷിച്ച ഫെഫ്ക നേതാവാണ് ബി ഉണ്ണികൃഷ്ണൻ എന്നും ഗിരീഷ് ആരോപിക്കുന്നു. ഇതേ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്രകാരം ഉണ്ണികൃഷ്ണനെതിരെ അഭിപ്രായ പ്രകടനം നടത്തിയ ഗിരീഷ് ബാബുവിനോട് വിശദീകരണം ചോദിച്ച് ഫെഫ്ക നോട്ടീസ് അയച്ചിട്ടുണ്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി സെവൻ ആർട്സ് മോഹനാണ് ബി.ഉണ്ണികൃഷ്ണനെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ വിമർശനങ്ങൾക്ക് കാരണമുണ്ടെങ്കിൽ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ അറിയിച്ചിരിക്കുന്നത്.

അടുത്തിടെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ ബിനീഷ് ബാസ്റ്റിന് ജാതീയമായി അധിക്ഷേപം നേരിട്ട സംഭവത്തിൽ സിനിമയിൽ ജാതി വിവേചനമില്ല എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞതാണ് ഗിരീഷിനെ പ്രകോപിപ്പിച്ചത്. എന്നാൽ ഫെഫ്കയിൽ നിന്നും നോട്ടാസ് ലഭിച്ച ശേഷവും ഉണ്ണികൃഷ്ണനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ഗിരീഷ് രംഗത്തുവന്നിരിക്കുകയാണ്.


നോട്ടീസ് ലഭിച്ചതിന് ശേഷം ഗിരീഷ് കുറിച്ചത് വായിക്കാം

ജനാധിപത്യ ഇന്ത്യയിൽ ഒരു ഇന്ത്യൻ പൗരൻ ഇന്ത്യൻ പ്രധാനമന്ത്രിയെയോ അയാൾ താമസിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനെയോ രാഷ്ട്രീയപരമായി വിമർശ്ശിച്ചാൽ ആ പൗരനെതിരെ നിയമനടപടികൾ സ്വികരിച്ചു അയാളെ നിശ്ശബ്ധനാക്കാൻ ശ്രെമിച്ചാൽ ആ നടപടി കടുത്ത ഫാസിസം ആണെന്ന് പറഞ്ഞു കൊണ്ട് നാം അതിനെ ശക്തമായി എതിർക്കും.

എന്നാൽ വിപ്ലവ തീപന്തവും, ജനാധിപത്യത്തിന്റെ അപോസ്തലനും, സഹിഷ്ണുതയുടെ അംബാസിഡറുമായ സോകോൾഡ് കമ്മ്യൂണിസ്റ്റ് ഫെഫ്ക ജനറൽ സെക്രട്ടറി രാജാധിരാജൻ ബി ഉണ്ണികൃഷ്ണനെമാത്രം ആരും വിമർശ്ശിക്കാൻ പാടില്ലത്രേ.

notice

വെറും ഒരു സിനിമ തൊഴിലാളി സംഘടന നേതാവ് മാത്രമായ ആ.ഉണ്ണികൃഷ്ണൻ എല്ലാ വിമർശ്ശങ്ങൾക്കും അതീതനാണോ?

മലയാള സിനിമ മേഖലയിലെ പ്രഥമ തൊഴിലാളി സംഘടനയായ മാക്ട ഫെഡറേഷനിലെ നേതാവ് ആയിരുന്ന ശ്രീ. വിനയന്റെ ഏകാധിപത്യവും, ഫാസിസവും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് 2008ൽ മാക്ട ഫെഡറേഷനെ പൊളിച്ചു അടക്കി ഫെഫ്ക ഉണ്ടാക്കിയപ്പോൾ അതിന്റെ നേതൃസ്ഥാനത്തേയ്ക്ക് കയറിപറ്റിയ ആ.ഉണ്ണികൃഷ്ണൻ വിമർശ്ശിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രെമിക്കുന്ന ഇത്തരം നിലപാട് അല്ലെ യഥാർത്ഥത്തിൽ ഫാസിസം.

അങ്ങനെയെങ്കിൽ വിനയനും, ഉണ്ണികൃഷ്ണനും ഒരേ തൂവൽ പക്ഷികൾ അല്ലെ?

സമൂഹ മാധ്യമങ്ങളിലൂടെ ബി ഉണ്ണികൃഷ്ണനെ വിമർശ്ശിച്ചുവെന്ന് ആരോപിച്ചു ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ അംഗം ആയ എനിക്ക് യൂണിയനിൽ നിന്നും 'ജാഗ്രതയോടെ' നൽകിയ കാരണം കാണിക്കൽ നോട്ടീസ്.