കേരളത്തിലെ തനത് ആയോധന കലയാണ് കളരിപയറ്റ്. ഗുരുവിനും ശിഷ്യനും ഇടയിൽ കെെമാറി വന്ന ആ മഹാരഹസ്യത്തെ ആയോധനകലകളുടെ മാതാവെന്നാണ് വിശേഷിപ്പിക്കുന്നത്. പരശുരാമനും അഗസ്ത്യ മുനിയും ആണ് കളരിപ്പയറ്റിന്റെ ഉപജ്ഞാതാക്കൾ എന്നാണ് വിശ്വാസം. ഒരുകാലത്ത് സ്ത്രീയും പുരുഷനും ഒരുപോലെ കളരിപ്പയറ്റ് പരിശീലിച്ചിരുന്നു. പിന്നീട് വിദേശശക്തികളുടെ കടന്നുകയറ്റത്താൽ പ്രഭ നഷ്‌ടമായെങ്കിലും കളരിപ്പയറ്റെന്ന തങ്ങളുടെ അഭിമാനത്തെ തനിമ ചോരാതെ കാക്കാൻ പൂർവികർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ പൈതൃകം പകർന്നുതന്ന ഈ അമൂല്യ നിധിയെ തന്റെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ഒരാളുണ്ട് തെക്കൻ കേരളത്തിൽ, ഡോ.മഹേഷ് കിടങ്ങിൽ.

agasthyam

200 വർഷത്തെ പാരമ്പര്യമുണ്ട് ഡോ.മഹേഷിന്റെ അഗസ്ത്യത്തിന് (അഗത്യം). കളരിപ്പയറ്റിനെ അടിസ്ഥാനമാക്കി മനുഷ്യന്റെ കായികബലം, മനോബലം, സ്വയരക്ഷാപാടവം, ആത്മധൈര്യം എന്നിവ മെച്ചപ്പെടുത്തിയുള്ള ജീവിതരീതികളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ചികിത്സാ സമ്പ്രദായങ്ങൾ കൂടി കലർന്ന ലോകത്തിലെ ഏക ആയോധന കലയാണ് കളരിപയറ്റെന്നും ജീവിത ശെെലി രോഗങ്ങൾ വരെ കളരിയിലൂടെ തടയാനാകുമെന്നും ഡോ. മഹേഷ് വ്യക്തമാക്കുന്നു. ഇതുകൂടാതെ കളരി അഭ്യസിക്കുന്നതിന് ഒരു പ്രായപരിധി നിശ്‌ചയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന ഉത്തരം കൂടിയാണ് അഗസ്‌ത്യം. 60 വയസുവരെയുള്ളവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. ഇതിനായി 'അഗസ്ത്യ നല്ലുടൽ' എന്ന പേരിൽ ഹെൽത്ത് പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്.

agastyam

സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും ധൈര്യം പകരുന്നതിൽ കളരിപ്പയറ്റിനുള്ള സ്വാധീനം ഒന്നു വേറെ തന്നെയാണ്. കഴുത്തിലണിയുന്ന ഷാൾ മാത്രം ഉപയോഗിച്ച് എങ്ങനെ ഒരാളെ നേരിടാം എന്നു തുടങ്ങുന്ന ടെക്‌നിക്കുകൾ ഇവിടെ അഭ്യസിക്കാം. താരതമ്യേനെ ശക്തികൂടിയ ഒരാൾ ആക്രമിക്കാൻ വരുകയാണെങ്കിൽ സ്ത്രീകൾക്കൊക്കെ രക്ഷപ്പെടാൻ പറ്റുമോ എന്ന സംശയം ഉണ്ട്. എന്നാൽ, കളരിപയറ്റിലൂടെ സ്വയരക്ഷ സാധിക്കും. ഷാൾ ഉപയോഗിച്ച് ആക്രമിക്കാൻ വരുന്നവരെ പൂട്ടികെട്ടുന്ന രീതിയാണിത്. മൂവ്മെന്റ്സ്, പ്രയോഗങ്ങൾ ഇതെല്ലാം കൃത്യമായ രീതിയിൽ സമന്വയിപ്പിച്ച് പ്രാക്ടീസ് ചെയ്യുകയാണെങ്കിൽ എത്ര വലിയ ശത്രുവിനെയും കീഴ്പ്പെടുത്താൻ പറ്റുമെന്ന് മഹേഷ് പറയുന്നു.

agasthyam

എത്ര കരുത്തനെന്നോ സാധാരണക്കാരനെന്നോ ഒന്നും അതിൽ വിഷയമല്ല. ടെക്നിക്കുകളാണ് അതിനകത്തെ രാജാവ്. രണ്ട് വിരലുകൾകൊണ്ട് ഒരാളെ കീഴ്പ്പെടുത്താൻ പറ്റും. ചൂണ്ടുവിരലും തള്ള വിരലും മാത്രം മതി ഈ വിദ്യക്ക്. എത്ര ശരീരഭാരമുള്ള ആളാണെങ്കിലും ശത്രു നമ്മളേക്കാൾ നീളം കൂടുതലാണെങ്കിലും രണ്ട് വിരൽ മതി. വിരലുകൾ തന്നെയാണ് ഇവിടെ ആയുധം. കൂടാതെ മർമ്മക്കോൽ എന്ന ആയുധം കൂടിയുണ്ട്. ഇതുപയോഗിച്ച് ഒരാളുടെ ജീവൻ പോലും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഡോ.മഹേഷ് വ്യക്തമാക്കുന്നു.