psc-chairman

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പരീക്ഷ നടത്തിപ്പിൽ പി.എസ്.സിയ്ക്ക് തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ലെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. പി.എസ്.സി. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിയമന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയ മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് അഡ്‌വൈസ് മെമ്മോ നൽകുന്നതിൽ തടസമില്ലെന്നും പി.എസ്.സി ചെയർമാൻ പറ‌ഞ്ഞു.ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്ത കമ്മിഷൻ യോഗത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അന്വേഷണ റിപ്പോട്ടിൽ ചോദ്യപേപ്പർ ചോർന്നെന്നോ,​ പരീക്ഷ നടത്തിപ്പിൽ പി.എസ്.സിക്ക് തെറ്റുപറ്റിയെന്നോ പറയുന്നില്ല. തട്ടിപ്പ് നടത്തിയവരെ അയോഗ്യരാക്കിയിരുന്നു. റിപ്പോർട്ടനുസരിച്ച് നടപടികളെടുക്കും'- പി.എസ്.സി ചെയർമാൻ വ്യക്തമാക്കി.

അതേസമയം,ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പരീക്ഷാക്രമക്കേടിലെ ആറാം പ്രതി പ്രവീൺ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. അതോടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രവീണിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പുംകൂടി പൂർത്തിയാക്കി കേസിന് വിരാമമിടാൻ ക്രൈംബ്രാഞ്ച് ലക്ഷ്യമിടുകയാണ്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസിം, ഇവരുടെ സുഹൃത്തായ പ്രണവ് എന്നിവരാണ് പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. ഇവരും ഇവർക്ക് ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ശരത്, കല്ലറ സ്വദേശി സഫീർ, കഴിഞ്ഞ ദിവസം കീഴടങ്ങിയ യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വിദ്യാർത്ഥിയും ഇടുക്കി സ്വദേശിയുമായ പ്രവീൺ എന്നിവരുമാണ് കേസിലെ പ്രതികൾ.

പരീക്ഷാ ഹാളിൽ ചോദ്യപേപ്പർ വിതരണം ചെയ്ത ഉടൻ പരീക്ഷാ സെന്ററായിരുന്ന യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ സംസ്കൃത കോളേജിൽ കാത്തുനിന്നവർക്ക് ചോദ്യം ചോർന്നുകിട്ടിയെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഈ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പരീക്ഷ ആരംഭിച്ച് പത്ത് മിനിട്ടിനകം ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും നസീമിന്റെയും ഫോണുകളിലേക്ക് തുരുതുരാ ഉത്തരങ്ങൾ എസ്.എം.എസായി എത്തിയതിന്റെ തെളിവുകൾ സൈബർ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരോ യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരോ എതെങ്കിലും വിധത്തിൽ ചോദ്യം ചോർ‌ത്തിയോ എന്നതാണ് ശേഷിക്കുന്ന സംശയം. പ്രണവ് നിയോഗിച്ച സുഹൃത്താണ് ചോദ്യം തങ്ങൾക്ക് എത്തിച്ചുതന്നത് എന്നായിരുന്നു ശരതും സഫീറും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ചോദ്യപേപ്പർ നേരിട്ട് ആരെങ്കിലും പ്രവീണിന് കൈമാറിയതാണോ, ഫോട്ടോയെടുത്ത് മൊബൈലിലേക്ക് അയച്ചുകൊടുത്തതാണോ എന്നാണ് അറിയേണ്ടത്. അതിനായി പ്രവീണിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവീണിന്റെ ഫോണിലേക്ക് ചോദ്യപേപ്പറിന്റെ ഫോട്ടോ അയച്ചുകൊടുത്തതാണെങ്കിൽ അതാരാണെന്ന് തിരിച്ചറിയണം. പ്രവീണിൽ നിന്ന് ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരവും അത് ബോദ്ധ്യപ്പെടാനുള്ള തെളിവും ലഭിച്ചാൽ സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്കും കോളിളക്കങ്ങൾക്കും കാരണമായ പരീക്ഷാത്തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന് അവസാനമാകും.