kaumudy-news-headlines

1. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയെന്നും പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ല എന്നും മുഖ്യമന്ത്രി നിയമസഭയില്‍. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുക ആയിരുന്നു മുഖ്യമന്ത്രി. അനൂപ് ജേക്കബ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജാമ്യം കിട്ടിയത് കോടതിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ എന്ന് പിണറായി വിജയന്‍. തച്ചങ്കരിയുടെ റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനും സര്‍ക്കാരിനെ വെള്ളപൂശാനും എന്ന് പ്രതിപക്ഷം.


2. സര്‍ക്കാര്‍ തട്ടിപ്പുക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നു എന്നും പ്രതിപക്ഷം. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികളായ ശിവരഞ്ജിത്തിനും, നസീമിനും ജാമ്യം ലഭിച്ചിരുന്നു. പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്ന് പേരെ ഒഴികെ മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് തടസ്സം ഇല്ലെന്ന് ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കി ഇരുന്നു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കാം. മൂന്ന് പേര് ഒഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല എന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടത് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തം ആക്കുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പി.എസ്.സിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
3.അയോധ്യ കേസില്‍ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം എന്നും രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗം ആവണം എന്നും പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ അയോധ്യ വിധിയെ നോക്കി കാണരുത് എന്നും മോദി ഓര്‍മിപ്പിച്ചു. നവംബര്‍ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും. നേരത്തെ ബി.ജെ.പിയും, വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത് എന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി ഇരുന്നു. കോടതി വിധി വരുന്ന സമയത്ത് അവര്‍ അവരുടെ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് നില്‍ക്കണം എന്നും ജന പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മുസ്ലിം സാമുദായിക നേതാക്കളും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
4.കോഴിക്കോട്ട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് .യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണ്. ആ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പേരില്‍ ചുമത്തിയ യു.എ.പി.എ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും ലഘു ലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം ആകില്ല . യു.എ .പി.എ നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടി എന്നും പ്രകശ കാരാട്ട് കുറ്റപ്പെടുത്തി . അട്ടപ്പാടിയിലെ മാവായിസ്റ്റ് വെയിവെയ്പ്പിന് കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തെ കുറിച്ച് പ്രതികരണം ആകാം എന്നും പ്രകാശ് കാരാട്ട് കൊച്ചിയില്‍ പറഞ്ഞു.
5. കോഴിക്കോട് പന്തീരാങ്കാവ് കേസില്‍ അറസ്റ്റിലായ പ്രതികളെ കോഴിക്കോട് ജയിലില്‍ നിന്നും മാറ്റില്ല. ഇവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ തുടരും. നിലവില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. വിയ്യൂരിലേക്ക് മാറ്റണം എന്നായിരുന്നു സൂപ്രണ്ടിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പിക്ക് കത്ത് നല്‍കി ഇരുന്നു. എന്നാല്‍ നിലവില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ജയില്‍ ഡിജിപി പറഞ്ഞത്.
6. അതേ സമയം പന്തീരാങ്കാവ് കേസില്‍, കോടതി ജാമ്യം നിഷേധിച്ച അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാനായി അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും. പ്രതികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടത് ഉണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് യു.എ.പി.എ കേസ് സ്ഥാപിക്കാനാണ് പൊലീസ് ശ്രമം. ഇരുവരുടെയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്നലെയാണ് തള്ളിയത്.