എന്റെ കൂടെ എം.എയ്ക്ക് പഠിച്ച് അഞ്ചുപേർക്കെങ്കിലും ഐ.എ.എസ് കിട്ടാനുള്ള ബുദ്ധിയുണ്ടായിരുന്നു. പക്ഷേ അവസരങ്ങൾ കുറവായിരുന്നു. ഇപ്പോൾ കേരളം രൂപീകൃതമായി 62 വർഷം കഴിഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) എന്ന പേരിൽ വ്യാപകമായ ഒരു സിവിൽ സർവീസ് നിലവിൽ വരുമ്പോൾ ഞാൻ ആ കാലമാണ് ഓർത്തുപോയത്. നിലവിൽ സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിലുള്ളവർക്കു മാത്രമേ സിവിൽ സർവീസിലേക്ക് പോകാൻ അവസരം ലഭിക്കുകയുള്ളൂ. എന്നാൽ എല്ലാവർക്കും അവസരം ലഭ്യമാകും എന്നതാണ് കെ.എ.എസിന്റെ ഏറ്രവും വലിയ പ്രത്യേകത. നാല്പത് വയസിൽ താഴെ പ്യൂൺ മുതൽ ഏത് ജീവനക്കാർക്കും കെ.എ.എസിന്റെ ഭാഗമാകാൻ കഴിയും.
ഇ.കെ. നായനാർ ചെയർമാനായിരുന്ന മൂന്നാം ഭരണപരിഷ്കാര കമ്മിറ്രിയാണ് ജീവനക്കാരുമായി വിപുലമായ ചർച്ച നടത്തി കെ.എ.എസ് നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത്. പത്തൊൻപത് വർഷം കഴിഞ്ഞാണ് ആ റിപ്പോർട്ട് ഇപ്പോൾ നടപ്പിലാവുന്നത് എന്നതിലൂടെ എതിർപ്പിന്റെ അടിയൊഴുക്കുകൾ മനസിലാക്കാൻ കഴിയും. ഐ.എ.എസ് ലോബി ഇതിനെ എതിർത്തു എന്ന് ഞാൻ കരുതുന്നില്ല. ഈ ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം എന്ത് എതിർപ്പുണ്ടായാലും അതിനെ മറികടക്കുമെന്ന സിഗ്നൽ നൽകിയിരുന്നു.
കേരള ഗവൺമെന്റ് സർവീസിൽ നല്ല ബ്രൈറ്ര് ആയ ഉദ്യോഗസ്ഥർ ഒരുപാടുണ്ട്. അവർക്ക് കൂടുതൽ ചാൻസ് ലഭിക്കാൻ കെ.എ.എസ് ഇടയാക്കും. കെ.എ.എസിന്റെ മൂന്ന് സ്ട്രീമുകൾക്കും (സ്ട്രീമുകളെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ഇതിനോടകം വന്നതിനാൽ അതേക്കുറിച്ച് കൂടുതലായി പ്രതിപാദിക്കുന്നില്ല) ഒരേ നിലവാരത്തിലുള്ള ഒരേ പരീക്ഷയാണ്. പ്രൊമോഷൻ ക്വാട്ടയിൽ കൂടിയല്ലാതെ മത്സരപ്പരീക്ഷ എഴുതി വേണം ഇതിൽ എത്തിച്ചേരാൻ. സംവരണം കൂടി ഏർപ്പെടുത്തിയിട്ടുള്ളതിനാൽ മെരിറ്റും സാമൂഹ്യനീതിയും ഒരുപോലെ ഇതിൽ പ്രതിഫലിക്കും.
യു.പി.എസ്.സിയുടെ അതേ നിലവാരത്തിൽ അതായത് ഐ.എ.എസ് പരീക്ഷയുടെ നിലവാരവും കാഠിന്യവും വേണമെന്ന് റൂളിൽ തന്നെ പറയുന്നുണ്ട്. പരീക്ഷാ കടമ്പ കടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ഈ പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് കെ.എ.എസിലെന്നപോലെ മറ്ര് മത്സര പരീക്ഷകളിൽ വിജയിക്കാനും മറ്റ് അവസരങ്ങൾ ലഭിക്കാനും ഇടയാക്കും. ആ വെല്ലുവിളി ആസ്വദിച്ച് പരീക്ഷയ്ക്ക് തയാറെടുക്കണം. ഗൈഡ് മാത്രം പഠിച്ച് എഴുതാവുന്ന ഒരു പരീക്ഷയല്ല ഇത്. കെ.എ.എസിൽ വിജയിക്കുന്നതോടെ ഭരണസർവീസിന്റെ സ്റ്റീൽ ഫ്രെയിമിന്റെ ഭാഗമാകാൻ കഴിയും. ഐ.എ.എസുകാരെ കേന്ദ്രഭരണ സർവീസിന്റെ സ്റ്രീൽ ഫ്രെയിമായി വിശേഷിപ്പിക്കുന്നതു പോലെ.
വെറൈറ്റിയാണ് ഈ ജോലിയുടെ മറ്രൊരു പ്രത്യേകത. പല വകുപ്പുകളിലും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ കഴിയും. ഐ.എ.എസിന്റെ പ്രത്യേകതയും വെറൈറ്റിയാണ്. വിവിധ വകുപ്പുകളിലെ ഭരണപരിചയം കഴിവ് വർദ്ധിപ്പിക്കുകയും ജോലിയിലൂടെ സംതൃപ്തി പകരുകയും ചെയ്യും. സമൂഹത്തിൽ നല്ലൊരു സ്റ്റാറ്റസ് ലഭിക്കാനും കെ.എ.എസ് ഇടയാക്കും. ഫ്യൂഡൽ സ്റ്റാറ്റസ് അല്ല, മെരിറ്റിന്റെ അംഗീകാരമായിരിക്കും. ഞാൻ ആദ്യമായി കളക്ടറായി ജോലിയിൽ പ്രവേശിച്ചപ്പോൾ അന്ന് എന്റെ സി.എ ആയിരുന്ന വനിത 'സാറ് സിവിൽ സർവീസ് പരീക്ഷയിൽ ഇത്രാമത്തെ റാങ്ക് നേടിയ ആളല്ലേ ' എന്ന് ചോദിച്ചിരുന്നു. മലയാളികൾ മെരിറ്ര് അംഗീകരിക്കുകയും അത് ഓർത്ത് വയ്ക്കുകയും ചെയ്യുന്നതിന് ഒരു ഉദാഹരണമായാണ് ഞാൻ ഇത് ചൂണ്ടിക്കാട്ടുന്നത്.
പരീക്ഷ കഠിനമാണെങ്കിലും വിജയിച്ചാൽ ലഭിക്കുന്ന സാദ്ധ്യതകൾ ഓർക്കണം. പ്രൊഫഷണലായി വളരാൻ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സാദ്ധ്യത വളരെ കൂടുതലാണ്. ഉദാഹരണത്തിന് വേണുവും അമിതാഭ് കാന്തും ടൂറിസത്തിൽ ദീർഘകാലം ഇരുന്നു. കെ.എം എബ്രഹാമാകട്ടെ ഫിനാൻസിലും ഞാൻ തദ്ദേശസ്വയംഭരണ വകുപ്പിലും. ഈ രംഗങ്ങളിലെല്ലാം വിദഗ്ദ്ധർ എന്ന രീതിയിലേക്ക് ഉയരാൻ ഈ അവസരം പ്രയോജനം ചെയ്തിട്ടുണ്ട്. കെ.എ.എസിലൂടെ ഫീൽഡ് പോസ്റ്റിംഗിനും ഓഫീസ് പോസ്റ്റിംഗിനും ഒരുപോലെ അവസരം ലഭിക്കും. ആ പരിചയസമ്പത്തിന്റെ ഗുണം നയരൂപീകരണത്തിന്റെയും അവലോകനത്തിന്റെയും നിലവാരം മെച്ചപ്പെടുത്തും. അതിലൂടെ ഭരണവും മെച്ചപ്പെടും.
കേരളത്തിന്റെ ഒരു ശാപമായി നിൽക്കുന്നത് ഡിപ്പാർട്ട്മെന്റുകളാണ്. ഗവൺമെന്റിനെക്കാൾ പ്രാധാന്യം ഡിപ്പാർട്ട്മെന്റുകൾക്കാണ്. കെ.എ.എസ് വരുന്നതിലൂടെ ഡിപ്പാർട്ട്മെന്റിന്റെ ചട്ടക്കൂട്ടിൽ മാത്രം ഒതുങ്ങാത്ത ,വിശാലമായി ചിന്തിക്കുന്ന ഓഫീസർമാരായി അതിലെ വിജയികൾക്ക് മാറാൻ കഴിയും. ഇത് വകുപ്പുതല കോ - ഓർഡിനേഷനെ സഹായിക്കും. സങ്കുചിത മനോഭാവവും ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും മാറിനിൽക്കുമെന്നാണ് പ്രതീക്ഷ. ഭരണം സങ്കീർണമാകുമ്പോൾ എല്ലാ മന്ത്രിമാരും നല്ല ഉദ്യോഗസ്ഥരെ അന്വേഷിച്ച് നടക്കാറുണ്ട്. കേരളത്തിൽ മൊത്തം നോക്കിയാൽ വളരെ ചുരുക്കം പേരെയാണ് ഐ.എ.എസിൽ ആ നിലയ്ക്ക് ഉപയോഗിക്കാൻ കഴിയുന്നത്. കെ.എ.എസിലൂടെ വരുന്ന മിടുക്കന്മാർക്ക് മന്ത്രിമാരുടെ കണ്ണിൽപ്പെടാനും അതിലൂടെ കൂടുതൽ അവസരങ്ങൾ ലഭിക്കാനും വഴി തുറക്കപ്പെടും. ഒരേ കേഡർ എന്ന നിലയിൽ എല്ലാവരും തമ്മിലൊരു സഹവർത്തിത്വം ഉണ്ടാകാനും കെ.എ.എസ് സഹായിക്കും. തനിച്ചല്ല, ഒരു കൂട്ടായ്മയുടെ ഭാഗമാണെന്ന തോന്നലുണ്ടാകും. ഐ.എ.എസിലേക്ക് പോകാനും അവസരം ലഭിക്കും. ഐ.എ.എസിന്റെ മെച്ചം രണ്ട് വർഷത്തെ കഠിനമായ പരിശീലനമാണ്. ഈ പരിശീലനം ഏകദേശം അതേ രീതിയിൽ തന്നെ കെ.എ.എസുകാർക്കും കിട്ടും. അത്തരം രീതിയിലുള്ള പരിശീലനം നൽകണമെന്ന് റൂളിൽ പറയുന്നുണ്ട്. കെ.എ.എസ് വിജയിക്കുന്നവർക്ക് മറ്റ് അവസരങ്ങളും ലഭിക്കും.
(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)