41

മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ലാൽജോസ്. മമ്മൂട്ടി നായകനായി അഭിനയിച്ച മറവത്തൂർ കനവിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ലാൽ മീശമാധവൻ, ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ, ക്ലാസ്‌മേറ്റ്സ് എന്നിങ്ങനെ ഒരുപിടി നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ചു. ഇപ്പോഴിതാ തന്റെ കരിയറിലെ 25ആമത്തെ ചിത്രമായ 'നാൽപ്പത്തിയൊന്ന്' നാളെ തീയേറ്ററുകളിലെത്തുകയാണ്. ശബരിമല വിഷയമാക്കിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ശക്തമായ ഇടതുപക്ഷ മനോഭാവമുള്ള രണ്ടുപേർ ശബരിമല തീർത്ഥാടനത്തിന് പോകുന്നതും, തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലാൽജോസ്. നാൽപ്പത്തിയൊന്നിനായി ആർട്ടിസ്റ്റുകൾ ഇല്ലാത്ത പല രംഗങ്ങളും രണ്ട് വർഷം മുമ്പ് ചിത്രീകരിച്ചെന്ന് ലാൽ ജോസ് പറഞ്ഞു. ചിത്രത്തിൽ അഭിനയിക്കാമെന്ന് ബിജു മേനോൻ ഉറപ്പ് തന്നതോടെ അന്ന് തന്നെ ശബരിമലയിൽ പോയി പല സീനുകളും എടുത്തു. അന്ന് ആ രംഗങ്ങൾ ചിത്രീകരിച്ചത് ഒരു തരത്തിൽ ഭാഗ്യമായി,​ കാരണം വെള്ളപ്പൊക്കത്തെ തുടർന്ന് അന്നത്തെ പല സ്ഥലങ്ങളും ഇന്ന് നാമാവശേഷമായി. അന്നത്തെ പലതും ഇപ്പോൾ അവിടെ കാണാനില്ല. വലിയ വെള്ളപ്പൊക്കത്തെ തുടർന്ന് പല ഭാഗങ്ങളും നശിച്ചുപോയെന്ന് ലാൽ ജോസ് പറഞ്ഞു.

അതേസമയം,​ ശബരിമലയിൽ ഇപ്പോൾ നിലനിൽക്കുന്ന ഒരു പ്രശ്നങ്ങളുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് ലാൽ ജോസ് പറഞ്ഞു. പക്ഷേ,​ സിനിമയിൽ ശബരിമല ഒരു വിഷയമാണ്. ശബരിമല ഈ കഥയിലെ പ്രധാന ഒരു പശ്ചാത്തലമാണ്. രണ്ട് വർഷം മുമ്പ് ബിജു അഭിനയിക്കാമെന്ന് ഉറപ്പു നൽകിയതും അന്ന് അത് ഷൂട്ട് ചെയ്തതും ഒരു തരത്തിൽ അനുഗ്രഹമായി. കാരണം,​ ഇന്നാണെങ്കിൽ പല മനോഹരമായ ഷോട്ടുകളും സിനിമയിൽ ഉണ്ടാവുമായിരുന്നില്ലെന്ന് ലാൽ ജോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വ്യക്തമാക്കിയത്.