ശ്രീനഗർ: കാലാവസ്ഥ, മനോഹാരിത എന്നിങ്ങനെ ഒരു സ്ഥലത്തേക്ക് നമ്മെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അങ്ങനെ ഭംഗി കൊണ്ടും, കാലവസ്ഥ കൊണ്ടുമൊക്കെ ഇന്ത്യയിലെ മാത്രമല്ല ലോക ജനതയെത്തന്നെ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ജമ്മു കാശ്മീർ.
ഇന്ന് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാശ്മീർ. ഹിമാലയൻ താഴ്വരയിലുടനീളം താപനില കുറയുകയും ചെയ്തു. മെഡിറ്ററേനിയൻ കടലിൽ നിന്ന് വീശിയടിക്കുന്ന കാറ്റും 'മഹാ' ചുഴലിക്കാറ്റും കൂടിച്ചേർന്നതോടെ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് കാശ്മീരികൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ശ്രീനഗറും കുപ്വാരയും ഉൾപ്പെടെയുള്ള താഴ്വരയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് അതിരാവിലെ മുതൽ മഴയായിരുന്നു. ഗണ്ടർബാൽ ജില്ലയിലെ സോനമാർഗിലും ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിലെ സ്കൈ റിസോർട്ടിലും മിതമായ മഞ്ഞുവീഴ്ചയുണ്ടായതായി പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു. ലഡാക്കിന്റെ ഡ്രാസിനും മിതമായ രീതിയിൽ മഞ്ഞുവീഴ്ചയുണ്ടായി.
താഴ്വരയിലെ ജനവാസ മേഖലയിലെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മു മേഖലയിലെ പൂഞ്ച്, രാജൗരി എന്നീ ജില്ലകളെ തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡ് അടച്ചു. പിർ കി ഗാലി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച മഞ്ഞുവീഴ്ചയുണ്ടായി. മുൻകരുതൽ നടപടിയായി വാഹന ഗതാഗതത്തിനായി റോഡ് അടച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ റോഡ് ഗതാഗതം ഒഴിവാക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
മഴ മൂലം മേഖലയിലെ താപനില കുറയുകയും, ഇത് ഇവിടെയുള്ള ജനങ്ങളെ അവരുടെ കമ്പിളി, ചൂടാക്കുന്ന ഉപകരണങ്ങൾ എന്നിവ പുറത്തെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശ്രീനഗറിലെ പകൽ താപനില 11-12 ഡിഗ്രി സെൽഷ്യസായിരുന്നു, ഈ വർഷം ശരാശരി 18 ഡിഗ്രിയാണ് താപനില.
ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ജമ്മു കാശ്മീർ, ലഡാക്ക് യൂണിയൻ പ്രദേശങ്ങളിലെ കുന്നുകളിലും സമതലങ്ങളിലും വ്യാപകമായി മിതമായതും കനത്തതുമായ മഞ്ഞുവീഴ്ചയും മഴയും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതൽ ഒരാഴ്ചയിലേറെ കാലാവസ്ഥ നന്നായിരിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
'കനത്ത മഞ്ഞുവീഴ്ച ഇവിടെ ആരംഭിച്ചു. ഒരു വർഷത്തിന് ശേഷമാണ് ഞങ്ങൾ മഞ്ഞ് കാണുന്നത്. വിനോദ സഞ്ചാരികളും മഞ്ഞുവീഴ്ച ആസ്വദിക്കുന്നുണ്ട്, ”താമസക്കാരനായ അബ്ദുൽ ഹമീദ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ശ്രീനഗറിൽ ഒമ്പത് വർഷത്തിന് ശേഷം മഞ്ഞുവീഴ്ച ഉണ്ടായി. അതിന് മുമ്പ് 2009 ലായിരുന്നു നഗരത്തിൽ മഞ്ഞുവീഴ്ചയുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബർ ആദ്യ പകുതിയിൽ നേരിയ മഴയും മഞ്ഞും അനുഭവപ്പെട്ടിരുന്നു.