വിജയവാഡ: സ്വന്തം വീട്ടിലെ അറ്റകുറ്റ പണികൾക്കായി 73 ലക്ഷം ചിലവിടാനുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നീക്കം വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ഗുണ്ടൂരുള്ള വീടിന് വേണ്ടിയാണ് വിലകൂടിയതും ഉയർന്ന സുരക്ഷയുള്ളതുമായ ജനലുകളും വാതിലുകളും നിർമ്മിക്കുന്നത് ഉൾപ്പെടെ മറ്റ് പല അറ്റകുറ്റപണികൾക്കുമായി ഇത്രയും തുക വകയിരുത്തുന്നത്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഈ നടപടിയെ മുൻ മുഖ്യമന്ത്രിയും തെലുങ്ക്ദേശം പാർട്ടി നേതാവും ജഗന്റെ പ്രധാന എതിരാളിയുമായ ചന്ദ്ര ബാബു നായിഡു രൂക്ഷമായി വിമർശിച്ചു. 'ജഗൻ മോഹൻ സർക്കാർ മുഖ്യമന്ത്രിയുടെ വീടിന് ജനലുകൾ ഘടിപ്പിക്കാനായി 73 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായുള്ള സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ആന്ധ്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ നടപടി. ലജ്ജാകരമായ അവസ്ഥയാണിത്''- നായിഡു ട്വീറ്റ് ചെയ്തു. എന്നാൽ, സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് മാറ്രങ്ങൾ വരുത്തിയതെന്നും പണം പാഴാക്കുകയായണെന്ന വാദം തെറ്റാണെന്നും വൈ.എസ്.ആർ നേതാക്കൾ പറഞ്ഞു.