എറണാകുളത്തെ മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിപ്പൊക്കിയ പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചടുക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ജീവിതകാലം മുഴുവൻ സമ്പാദിച്ചത് സ്വരുക്കൂട്ടി സ്വന്തമാക്കിയ ഇഷ്ടഭവനം നിമിഷ നേരം കൊണ്ട് തകർത്ത് തരിപ്പണമാക്കുന്ന കാഴ്ചയ്ക്ക് അധികം വൈകാതെ തന്നെ നമ്മൾ സാക്ഷിയായേക്കും. എന്നാൽ ഇനിയൊരു മരട് ആവർത്തിക്കാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് കുറച്ച് കാര്യങ്ങളിലുള്ള ശ്രദ്ധ മാത്രമാണ്. ഇഷ്ട ഭവനം സ്വന്തമാക്കുവാനായി ബിൽഡർമാരെ സമീപിക്കുമ്പോൾ മറക്കാതെ ഈ കാര്യങ്ങൾ ഓർമ്മിപ്പിക്കുക.
പവർ ഓഫ് അറ്റോർണി
ഫ്ളാറ്റ് നിർമ്മാണത്തിനായി പലപ്പോഴും ഭൂഉടമയിൽ നിന്നും പവർ ഓഫ് അറ്റോർണി സ്വന്തമാക്കുകയാണ് മിക്ക ബിൽഡർമാരും സ്വീകരിക്കുന്ന രീതി. ഈ പവർ ഓഫ് അറ്റോർണിയുടെ പിൻബലത്തിലായിരിക്കും മിക്കപ്പോഴും ബിൽഡർ കെട്ടിടം നിർമ്മിക്കുക. വസ്തു വിൽപ്പന, പണയം വയ്ക്കൽ രജിസ്‌ട്രേഷൻ, ഭാഗം വയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഉടമസ്ഥർ ആർക്കെങ്കിലും രേഖാമൂലം നൽകുന്ന അധികാരമാണ് പവർ ഓഫ് അറ്റോർണി. പവർ ഓഫ് അറ്റോർണിയിലെ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുള്ളതായി പരിശോധിച്ച് ഉറപ്പ് വരുത്തണം.
നികുതി രേഖകൾ വാങ്ങി പരിശോധിക്കുക
കെട്ടിടം നിർമ്മിക്കുന്നതിന് മുൻപേ വസ്തു നികുതിയാണ് ബിൽഡർ ആദ്യം ഗവൺമെന്റിലേക്ക് അടയ്‌ക്കേണ്ടി വരുന്ന തുക. അവയെല്ലാം ബിൽഡർ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ബിൽഡർ അടച്ച നികുതികളുടെ രേഖകൾ, രസീതികൾ പരിശോധിക്കുവാനായി നൽകാൻ ആവശ്യപ്പെടാവുന്നതാണ്. വേണ്ടിവന്നാൽ ഇതിന്റെയൊക്കെ ഫോട്ടോകോപ്പി എടുത്ത് സൂക്ഷിക്കുന്നതും നല്ലതാണ്. ഭൂനികുതി, വൈദ്യുതി ചാർജ് അടച്ച രസീത് തുടങ്ങിയ രേഖകളും പരിശോധിക്കണം. ഭൂനികുതി, വൈദ്യുത നികുതിയൊക്കെ അധികാരികൾ സ്വീകരിക്കുന്നു എങ്കിൽ അത് സർക്കാർ പരിശോധനയിൽ പ്രശ്നമുള്ള ഇടം അല്ലെന്ന് ഉറപ്പിക്കാവുന്നതാണ്.
കാലതാമസം തടയാൻ നഷ്ടപരിഹാരം
കരാർ തയ്യാറാക്കുമ്പോൾ പാർപ്പിടം കൈമാറുന്നതിന് കാലതാമസമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കണമെന്ന വ്യവസ്ഥ കരാറിൽ എഴുതിചേർക്കാവുന്നതാണ്. ഇത് അനാവശ്യമായി പ്രോജക്ട് വലിച്ചിഴയ്ക്കുന്നതിൽ നിന്നും ബിൽഡറെ തടയും. കൃത്യസമയത്ത് തന്നെ ഫ്ളാറ്റ് കൈമാറാൻ വഴിയൊരുക്കുകയും ചെയ്യും.
തുല്യ നീതി ഉറപ്പാക്കുക
ഫ്ളാറ്റ് സ്ഥിതി ചെയ്യുന്ന ഇടത്തെ പൊതുഇടങ്ങളിൽ തുല്യ അവകാശം ഉറപ്പാക്കുക. ചിലർക്കുമാത്രം പ്രത്യേക അവകാശങ്ങൾ കിട്ടുന്ന അവസ്ഥ ഒഴിവാക്കുക.
ബിൽഡറിലെ വിശ്വാസം അത് കണ്ടറിയണം
ജീവികകാലത്തേക്കു നടത്തുന്ന നിക്ഷേപമായതിനാൽ വീടുവാങ്ങുമ്പോൾ വളരെ ശ്രദ്ധ നൽകണം. ബിൽഡറുടെ മുൻകാല ചരിത്രം പരിശോധിക്കേണ്ടതാണ്. പൂർത്തീകരിച്ച പോജക്ടുകൾ നേരിട്ട് കണ്ട് അവിടെയുള്ളവരുടെ അഭിപ്രായം സ്വീകരിക്കുന്നതും നല്ലതാണ്.