അയോദ്ധ്യ: 40 ദിവസം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം അയോദ്ധ്യ ഭൂമിതർക്ക വിഷയത്തിൽ ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധി പ്രസ്താവിക്കാനിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും ഇത് പ്രതീക്ഷിക്കുകയും ചെയ്യാം. റാം ലല്ല പ്രതിനിധികൾ, ഹിന്ദു സംഘടനയായ നിർമോഹി അഖാദ, സുന്നി കേന്ദ്ര വഖ്ഫ് ബോർഡ് എന്നിവർക്ക് അയോദ്ധ്യയിലെ 2.77 ഏക്കർ വരുന്ന ഭൂമി വീതിച്ച് നൽകണമെന്നുളള അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുളള ഹർജിയിലാണ് സുപ്രീം കോടതി വിധി പറയാൻ പോകുന്നത്.
ഈ നിർണ്ണായക ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ അയോദ്ധ്യ സ്ഥിതി ചെയ്യുന്ന ഉത്തർ പ്രദേശിലെ സർക്കാരും കേന്ദ്ര സർക്കാരും കാര്യമായി തയാറെടുക്കുകയാണ്. ഇതിനായി വിവിധ ഒരുക്കങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ അബേദ്കർ നഗർ ജില്ലയിലെ പല കോളേജുകളിലായി താത്കാലിക ജയിലുകൾ തുറന്നതാണ് അതിലൊന്ന്. സംസ്ഥാനത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ദേശീയ അന്വേഷണ ഏജൻസി, പ്രാദേശിക ഇന്റലിജൻസ് യൂണിറ്റ് എന്നിവർ ക്യാംപ് ചെയ്യുന്നുണ്ട്. ഇതുകൂടാതെ 75 ജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളും സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയുളള വിദ്വേഷ പ്രചാരണത്തെ തടയാനും പൊലീസും അധികൃതരും ജാഗ്രത പാലിക്കുന്നുണ്ട്. മഹാരാഷ്ട്ര സൈബർ പൊലീസ് ഇതിനായി മാത്രം ഒരു പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. വിധി ആർക്ക് അനുകൂലമായാലും സംയമനം പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടണമെന്ന് പറഞ്ഞുകൊണ്ട് മുസ്ലിം മതനേതാക്കൾ പ്രാർത്ഥനകൾ നയിക്കുന്ന മുസ്ലിം ഇമാമുകളെയും സമീപിച്ചു. മാത്രമല്ല വിധി പ്രസ്ഥാവിക്കുന്ന ജഡ്ജിമാരിൽ ഒരാളായ അശോക് ഭൂഷണിന്റെ വസതിയിലെ സുരക്ഷയും ഭീമമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ രാമക്ഷേത്രത്തിനായി കല്ലുകൾ പണിതുകൊണ്ടിരിക്കുന്ന റാം ജന്മഭൂമി ന്യാസും ആ ജോലികൾ നിർത്തിവച്ചിട്ടുണ്ട്.