കൊച്ചി: അടുക്കള ബഡ്‌ജറ്റ് താളംതെറ്രിച്ച് ഉള്ളി വില കുതിച്ചുയരുന്നു. ഡൽഹിയിൽ ചില്ലറ വില ഇന്നലെ കിലോയ്ക്ക് 100 രൂപ കടന്നു. ഇന്നലെ മാത്രം വർദ്ധിച്ചത് 20 രൂപയാണ്. ഈ മാസം ഒന്നിന് കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന വിലയാണ് ഇന്നലെ 100 കടന്നത്.
പ്രധാന ഉത്‌പാദന സംസ്ഥാനമായ മഹാരാഷ്‌ട്രയിൽ നിന്നുള്ള വിതരണം മഴക്കെടുതി മൂലം തടസപ്പെട്ടതാണ് വിലക്കയറ്റത്തിന് കാരണം. മഴക്കെടുതി മൂലം മറ്റു പച്ചക്കറികൾക്കും വില ഉയരുകയാണ്. തക്കാളി 60 രൂപ, ഉരുളക്കിഴങ്ങ് 30 രൂപ, കാപ്‌സിക്കം 70 രൂപ എന്നിങ്ങനെയായിരുന്നു ഇന്നലെ കിലോയ്ക്ക് ഡൽഹി വില.
അതേസമയം, ഉള്ളിവില നിയന്ത്രിക്കാനായി ഇറക്കുമതി ചട്ടങ്ങളിൽ ഇളവനുവദിച്ച കേന്ദ്രസർക്കാർ നടപടിയുടെ ഫലം അടുത്തവാരം മുതലേ പ്രതിഫലിക്കൂ എന്നാണ് കച്ചവടക്കാർ പറയുന്നത്. ടർക്കി, ഈജിപ്‌ത്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 180ഓളം കണ്ടെയ്‌നർ ഉള്ളി ഇന്ത്യൻ തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തി. കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും വൈകാതെ ഉള്ളി വിപണിയിലെത്തുമെന്നും ഇത് വില കുറയാൻ സഹായിക്കുമെന്നും വ്യാപാരികൾ പറയുന്നു.
ഡൽഹി വിലനിലവാരം
(വില കിലോയ്ക്ക്. ബ്രായ്ക്കറ്റിൽ കൊച്ചി വില)
ഉള്ളി: ₹100 (₹90)
തക്കാളി : ₹60 (₹60)
കാപ്‌സിക്കം : ₹70 (₹60)
കിഴങ്ങ് : ₹30 (₹35)
കൊച്ചിയിൽ കുതിപ്പ്
ഉള്ളിയ്ക്ക് ഇപ്പോൾ കൊച്ചി വില ₹90, കഴിഞ്ഞവാരം ₹50
മുരിങ്ങയ്ക്ക് വില ഇപ്പോൾ ₹190, കഴിഞ്ഞവാരം ₹45