രാജ്കോട്ട്: ഡൽഹിയിൽ പുകയായിരുന്നുവെങ്കിൽ രാജ്കോട്ടിൽ മഴയാണ് കളിക്ക് എതിരാളിയായി നിൽക്കുന്നത്. ഡൽഹിയിലെ മങ്ങിയ അന്തരീക്ഷത്തിൽ പിടിവിട്ട് വീണുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ന് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ട്വന്റി 20യിൽ ബംഗ്ളാദേശിനെതിരെ വിജയം നേടിയേ മതിയാകൂ. മറുവശത്ത് ഇന്ത്യയ്ക്കെതിരെ ട്വന്റി 20യിലെ ആദ്യവിജയം എന്ന ചരിത്രം കുറിച്ച ബംഗ്ളാദേശിന് ഇനിയൊരു വിജയംകൂടി നേടാനായാൽ പരമ്പര വിജയമെന്ന മറ്റൊരു ചരിത്രം കൂടി കുറിക്കാം. രാജ്കോട്ടിൽ ഇന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോർട്ടുകൾക്ക് നടുവിൽ ഇന്ത്യയും ബംഗ്ളാദേശും ശുഭ പ്രതീക്ഷകളുമായി ഇറങ്ങുകയാണ്.
ഇന്നത്തെ മത്സരത്തിൽ മലയാളി ആരാധകർ കാത്തിരിക്കുന്നത് സഞ്ജു സാംസണിന് അവസരം നൽകുമോ എന്നറിയാനാണ്. ഡൽഹിയിൽ സഞ്ജുവിനെ ഇറക്കിയിരുന്നില്ല. പകരം ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിവരിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ഇരുവർക്കും ടീമിന്റെ പ്രകടനത്തിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. ഇൗ സാഹചര്യത്തിൽ ഇവരിൽ ആരെയെങ്കിലും മാറ്റി സഞ്ജുവിന് അവസരം നൽകിയേക്കാം. സഞ്ജു തിരിച്ചെത്തുമെന്ന സൂചനകൾക്കിടെ മത്സരത്തിന് മുമ്പ് താരത്തിന്റെ ട്വീറ്റും പുറത്തുവന്നു. മത്സരത്തിന് കളിച്ചേക്കുമെന്ന സൂചന നൽകുന്ന വാക്കുകളാണ് സഞ്ജു ട്വിറ്ററിൽ കുറിച്ചത്. പരിശീലനത്തിനിടയിലുള്ള ചിത്രത്തോടൊപ്പം സഞ്ജു കുറിച്ചത് ഇങ്ങനെയാണ് 'ഇന്ന് മത്സരദിവസം. മുന്നോട്ടു പോകാം, കൂടുതൽ ശക്തിയോടെ.' ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിരുമെന്നാണ് കരുതുന്നത്.
Match day....
— Sanju Samson (@IamSanjuSamson) November 7, 2019
Let’s goooooo ! 🇮🇳 #stronger&stronger#SAMSON 💪🏽😎 pic.twitter.com/u7LFYtnY34
ഇന്ത്യയോട് കളിച്ച എട്ട് ട്വന്റി 20 മത്സരങ്ങളിലും തോറ്റ അനുഭവവുമായാണ് ബംഗ്ളാദേശ് ഡൽഹിയിൽ വിമാനമിറങ്ങിയത്. എന്നാൽ രാജ്കോട്ടിലേക്ക് എത്തുമ്പോൾ ഇന്ത്യ ബംഗ്ളാദേശിന് മുന്നിൽ തോറ്റുപോയ ടീമായിരിക്കുന്നു. സ്ഥിരം നായകൻ വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഡൽഹിയിലെ തോൽവി. അതിന്പകരം ചോദിക്കാൻ രോഹിതും യുവസംഘവും തയ്യാറാണ്. ഡൽഹിയിൽ ആദ്യ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയത്. ചേസിംഗ് ഇൗസിയായ മഞ്ഞുകാലാവസ്ഥയിൽ സ്കോർ ബോർഡിൽ ആവശ്യത്തിന് റൺസ് ഉയർത്താൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞിരുന്നില്ല.