ബീജിംഗ്: മാസങ്ങൾ നീണ്ട വ്യാപാര യുദ്ധകാലത്ത് അമേരിക്കയും ചൈനയും പരസ്‌പരം ചുമത്തിയ ഇറക്കുമതി തീരുവകൾ ഘട്ടം ഘട്ടമായി റദ്ദാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പിടാനുള്ള സുപ്രധാന ഉപാധിയായിരുന്നു തീരുവകൾ റദ്ദാക്കുക എന്നത്. എന്നാൽ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഇടക്കാല വ്യാപാര കരാർ ഒപ്പിടുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് ഗാവോ ഫെങ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും ഈ മാസമോ അടുത്ത മാസം ആദ്യമോ കരാർ ഒപ്പിടും. ഇതിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ഡിസംബർ 3,4 തീയതികളിൽ ലണ്ടനിൽ നാറ്റോയുടെ ഒരു ഉച്ചകോടിക്ക് ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താൻ സാദ്ധ്യതയുണ്ട്. സെൽഫോണും ലാപ് ടോപ്പും കളിപ്പാട്ടങ്ങളും ഉൾപ്പെടെ 15,600 കോടി ഡോളറിന്റെ സാധനങ്ങൾ ചൈനയ്‌ക്ക് ഇറക്കുമതി ചെയ്യാനുള്ളതാണ് ഇടക്കാല കരാർ. താരിഫുകൾ റദ്ദാക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ഉൾപ്പെടുത്തിയായിരിക്കും കരാർ ഒപ്പിടുന്നത്. ഇത് ആദ്യ ഘട്ട കരാറായിരിക്കും. പരസ്പരം ചുമത്തിയ നികുതികളിൽ കുറച്ചെങ്കിലും ഇരു രാജ്യങ്ങളും റദ്ദാക്കിയ ശേഷമായിരിക്കും കരാർ ഒപ്പിടുന്നത്. നികുതി ചുമത്തിയാണ് വ്യാപാര യുദ്ധം തുടങ്ങിയത്. ആ നികുതികൾ റദ്ദാക്കി വേണം യുദ്ധം അവസാനിക്കാൻ - ഫെംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്‌ച അമേരിക്കയുടെയും ചൈനയുടെയും പ്രതിനിധി സംഘങ്ങൾ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. ചൈനയുടെ 12,500 കോടി ഡോളറിന്റെ സാധനങ്ങൾക്ക് സെപ്തംബർ 1ന് അമേരിക്ക ചുമത്തിയ 15ശതമാനം നികുതിയും അതിന് മുൻപ് 25,000 കോടി ഡോളറിന്റെ ഇറക്കുമതി വസ്‌തുക്കൾക്ക് ചുമത്തിയ 25 ശതമാനം നികുതിയും റദ്ദാക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം.
വ്യാപാരയുദ്ധത്തിൽ നേട്ടം കൊയ്തത് ഇന്ത്യ
ചൈന-യു എസ് വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്ത് ഇന്ത്യ . ഈ വർഷം ആദ്യ പകുതിയിൽ യു.എസിലേയ്ക്ക് നടത്തിയ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് 5,363 കോടിയിലേറെ രൂപയുടെ ലാഭമാണ് . ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര, നിക്ഷേപ സമിതി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാസവസ്തുക്കൾ (1726കോടി),ലോഹങ്ങളും ലോഹ അയിരുകളും (1285 കോടി) , വൈദ്യുതി മെഷീനറികൾ (589) കോടി തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇന്ത്യയ്ക്ക് ഏറെ ലാഭമുണ്ടാക്കി നൽകിയത്.