കൊച്ചി: കൺസ്യൂമർ ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർ‌ഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ 54.4 ശതമാനം വർദ്ധനയോടെ 58.75 കോടി രൂപയുടെ ലാഭം നേടി. 2018ലെ സമാനപാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 38.04 കോടി രൂപയായിരുന്നു.

പ്രവർത്തന വരുമാനം 3.1 ശതമാനം ഉയർന്ന് 623.27 കോടി രൂപയായി. സ്‌റ്രെബിലൈസർ, ഇലക്‌ട്രിക്കൽ വിഭാഗങ്ങൾ കഴിഞ്ഞപാദത്തിൽ മികച്ച വളർച്ച നേടി. മൊത്തം വിറ്റുവരവിൽ 37 ശതമാനം ദക്ഷിണേന്ത്യയ്ക്ക് പുറത്തുനിന്നാണ്. വിപണിയിൽ ഡിമാൻഡ് കുറവായത് വിറ്റുവരവിനെ സാരമായി ബാധിച്ചെന്ന് വി-ഗാർഡ് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വരുംപാദങ്ങളിൽ സമ്പദ്‌വ്യവസ്ഥയിലെ അനുകൂലഘടകങ്ങൾ നേട്ടമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.