fake

തൃശൂർ: വ്യാജ ഐ.പി.എസുകാരനായി അമ്മയുമൊപ്പം കോടികളുടെ തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക് 2008ലെ കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിലെ 68-ാം റാങ്കുകാരൻ. കോഴിക്കോട് എൻ.ഐ.ടിയിൽ രണ്ട് വർഷം പഠിച്ചെങ്കിലും ക്രിക്കറ്റിലും കായിക പരിശീലനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പഠനം തുടരാനായില്ല.

ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കാതെ കുറച്ചു നാൾ ഇൻഫോപാർക്കിലും ജോലി നോക്കി. അതും മുടങ്ങിയേതാടെ അമേരിക്കയിൽ പോകുന്നതിന് ശ്രമം നടത്തി. ഇതിനിടയിലാണ് തട്ടിപ്പുമായി രംഗത്തു വന്നത്. ഐ.പി.എസ് സർട്ടിഫിക്കറ്റ്, സീൽ എന്നിവ അതിവിദഗ്ദ്ധമായി ഉണ്ടാക്കിയാണ് രേഖകൾ തയ്യാറാക്കിയത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കം അതിസമർത്ഥമായി എഡിറ്റിംഗ് ചെയ്തിരുന്നു.

വിപിനും അമ്മയും ചേർന്ന് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പക്ഷേ, നിരവധി പരാതികൾ ലഭിക്കുന്നതിനാൽ ഇതിലേറെ പണം തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് നിഗമനം. തട്ടിയെടുത്ത സ്വർണം ഭൂരിഭാഗവും വിറ്റതായാണ് വിപിന്റെ മാെഴി. കഴിഞ്ഞ മാസം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാമാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. രണ്ട് കാറുകൾക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തത്. മലപ്പുറത്തെ തട്ടിപ്പുകേസിൽ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി. സംശയം തോന്നിയ ഇൻസ്‌പെക്ടർ ഗുരുവായൂർ പൊലീസിനെ അറിയിച്ചതോടെയാണ് ഐ.പി.എസ് വ്യാജമാണെന്ന് കണ്ടെത്തുന്നത്. ബാങ്ക് മാനേജർ കൊല്ലം സ്വദേശിനിയിൽ നിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്.