ഇടുക്കി: ശാന്തൻപാറയിൽ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ചുകൊണ്ടുള്ള റിസോർട്ട് മാനേജരുടെ വീഡിയോ പുറത്ത്. സംഭവത്തിൽ താൻ മാത്രമാണ് പ്രതിയെന്നും അനുജനെയും കൂട്ടുകാരെയും വെറുതെവിടണമെന്നും മാനേജർ വസീം വീഡിയോയിൽ പറഞ്ഞു. വസീം സഹോദരന് അയച്ച വീഡിയോ പൊലീസിന് കൈമാറി.
ഇടുക്കി ശാന്തൻപാറ സ്വദേശി റിജോഷാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ പരിസരത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവശേഷം വസീം ഒളിവില്‍ പോയിരുന്നു. റിജോഷിന്റെ ഭാര്യ ലിജിയേയും കാണാനില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.