rice

കോട്ടയം: വില്പനയ്ക്കെത്തിച്ച അരി ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അലുമിനിയം ഫോസ്‌ഫേഡ് ചേർന്ന കീടനാശിനി അരിയിൽ കലർന്നതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സാമ്പിൾ പരിശോധനയ്ക്കയച്ചു. ഫലം വരും വരെ അരി വില്പന വിലക്കി.

ഇന്നലെ രാവിലെ 11 മണിയോടെ ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്‌ക്കൽ ട്രേഡേഴ്‌സിലായിരുന്നു സംഭവം. ഇവരുടെ തന്നെ അതിരമ്പുഴയിലെ ഗോഡൗണിൽ നിന്നാണ് 81 ചാക്കുകളിലായി 6650 കിലോ അരി കൊണ്ടുവന്നത്. മുപ്പതോളം ചാക്ക് ഇറക്കിയപ്പോഴേക്കും തൊഴിലാളികൾക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടു. തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് സെൽഫോസ് എന്ന കീടനാശിനിയുടെ ഒഴിഞ്ഞ പായ്ക്കറ്റുകൾ കണ്ടെയ്‌നറിൽ കണ്ടെത്തിയത്. ഏറ്റുമാനൂർ എസ്.ഐ അനൂപ് സി. നായർ, ഭക്ഷ്യസുരക്ഷാവിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫീസർ ഡോ. തെരസിലിൻ ലൂയിസ് എന്നിവർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി. ലാബ് ഫലം വരും വരെ ഈ അരി വിൽക്കരുതെന്ന് നിർദ്ദേശിച്ചു. അരിയിൽ കീടനാശിനി തളിച്ചതായി വ്യക്തമായ സാഹചര്യത്തിൽ കടയ്‌ക്ക് നോട്ടീസ് നൽകുമെന്ന് ഏറ്റുമാനൂർ നഗരസഭാ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.പി. മോഹൻദാസ് പറഞ്ഞു.

അലുമിനിയം ഫോസ്‌ഫേഡ് : നിശബ്ദ കൊലയാളി

നിശബ്ദ കൊലയാളിയെന്ന് അപരനാമം

വായുവിൽ തുറന്നുവച്ചാൽ വിഷവാതകമാകും

എലിവിഷത്തിൽ അലുമിനിയം ഫോസ്‌ഫേഡ് അടങ്ങിയിട്ടുണ്ട്.

ചെറിയ അളവിലായാലും പലതവണ ഉള്ളിൽചെന്നാൽ മരണം സംഭവിക്കാം

തമിഴ്നാട്ടിൽ കേരകർഷകർ അലൂമിനിയം ഫോസ്ഫേഡാണ് ഉപയോഗിക്കുന്നത്

ഗൾഫ് രാജ്യങ്ങളിൽ അലൂമിനിയം ഫോസ്ഫേഡിന് സമ്പൂർണ നിരോധനം