ജനാതിപത്യപരമായി ഒരു ആവശ്യത്തിനുവേണ്ടി കുട്ടികൾ സംഘടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയൽ വൈറലാകുന്നത്. ഫുട്ബോൾ വാങ്ങാനായി ഒരു കൂട്ടം കുട്ടികൾ മീറ്റിംഗ് കൂടുന്നു. തുടർന്ന് മീറ്റിംഗിൽ അദ്ധ്യക്ഷൻ പറഞ്ഞു തുടങ്ങുന്നു. ഇവിടെ കൂടിയിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചർച്ചചെയ്യാനാണ്. നിങ്ങൾക്ക് അറിയാമല്ലോ, നമുക്ക് കളിക്കാൻ ഒരു പന്തില്ല. ഉണ്ടായിരുന്ന പന്ത് കീറിപ്പോയി. അതുപോലെ നമുക്ക് കളിക്കുമ്പോൾ ഇടാൻ ഒരു ജഴ്സിയില്ല. മീറ്റിംഗിൽ അദ്ധ്യക്ഷനും സെക്രട്ടറിയും മുന്നിലിരുക്കുന്ന കൂട്ടുകാരോടായി പറഞ്ഞു.
ഫുട്ബോളും മറ്റു സാധനങ്ങളും വാങ്ങാനായി പണം സ്വരൂപിക്കാനായി അവിടെ ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾ ഇൗ ആഴ്ചകളിൽ മിഠായി വാങ്ങാൻ ഉപയോഗിക്കുന്ന പണം കൂട്ടിവച്ച് ഇൗ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ലക്ഷ്യം. മിഠായി കഴിച്ച് പല്ലു ചീത്തയാവില്ല എന്നതും ഇതിൽ മുഖ്യമാണ്. അതിന് എല്ലാവരും സഹകരിക്കണം. ഇൗ തീരുമാനത്തോട് എതിർപ്പുള്ളവർക്ക് ഇപ്പോൾ പറയാം. ഇല്ലെങ്കിൽ കയ്യടിച്ച് പാസാക്കാം. കൈയ്യടികളോട് കുട്ടികൾ അത് അംഗീകരിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്..
സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യോജിപ്പുകളും വിയോജിപ്പുകളും അവിടെ എല്ലാവർക്കും പറയാൻ അവിടെ അവസരമുണ്ട്. കൂടെയുള്ളവരുടെ തെറ്റുകുറ്റങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതിലും കുട്ടികൾ മറ്റുള്ളവർക്ക് മാതൃകയാകുന്നു. അഭിപ്രായം പറയാനെത്തിയവൻ വേദിയിൽ പകച്ചപ്പോൾ ‘ഒാന് അൽപം വിറയലൊക്കെ ഉണ്ട്. അതു സാരമില്ല..’ എന്നു പറഞ്ഞ് സെക്രട്ടറി ചേർത്ത് പിടിക്കുന്നു. ഒരു പന്തുവാങ്ങുന്ന കാര്യം ചർച്ചചെയ്യാൻ മടൽ കുത്തി വച്ചാണ് മൈക്കുണ്ടാക്കിയത്. വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്.