വെർജിനിയ:ഇന്ത്യൻ വംശജയായ ഗസല ഹഷ്‌മി അമേരിക്കൻ സംസ്ഥാനമായ വെർജീനിയയിലെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വെർജീനിയ സെനറ്റിൽ അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും ആദ്യത്തെ മുസ്‌ലീം വനിതയുമാണ് അവർ. ഡെമോക്രാറ്റിക് പാർട്ടി അംഗമായ ഗസല ഹഷ്‌മി സെനറ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റർ ഗ്ലെൻ സ്റ്റർട്ടെവാന്റിനെ അട്ടിമറിച്ചാണ് ഈ പദവിയിൽ എത്തിയത്.
അമേരിക്കൻ രാഷ്‌ട്രീയത്തിൽ മുസ്ലീം വനിതകൾ സജീവമാകുന്നതിനിടെയാണ് ഹഷ്‌മിയുടെ വിജയം. കഴിഞ്ഞ വർഷം മുസ്‌ലീം വനിതകളായ ഇൽഹാൻ ഒമർ, റ,ിദ ത്‌ലായിബ് എന്നിവർ അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹൈദരാബാദ് സ്വദേശിയായ ഗസല ഹഷ്‌മി അമേരിക്കയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധയാണ്. വെർജീനിയയിലെ റെയ്നോൾഡ്സ് കമ്മ്യൂണിറ്റി കോളേജിലെ ജോലി ഉപേക്ഷിച്ചാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. ഇംഗ്ലീഷിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ഭർത്താവ് അസർ. രണ്ട് പുത്രിമാരുണ്ട്.