കൊച്ചി : മലമ്പുഴ ഡാം കാണാനെത്തിയ ഒമ്പതാം ക്ളാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം ഡാമിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി വാച്ചർ അനിമോനെ ഹൈക്കോടതി വെറുതേ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണിത്. സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും റദ്ദാക്കി.
കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പ്രതിക്കെതിരെ മെഡിക്കൽ തെളിവുകളില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
2006 മേയ് 12നാണ് കുട്ടിയുടെ മൃതദേഹം ജലസംഭരണിക്ക് സമീപം ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഡാം സന്ദർശിക്കാനെത്തിയ കുട്ടിയെ മദ്യം നൽകി ബോധം കെടുത്തിയശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പിന്നീട് കൊന്ന് ഡാമിൽ തള്ളിയെന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്.
ആദ്യം കേസന്വേഷിച്ച പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ എറണാകുളം സി.ബി.ഐ കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് പരോൾ അനുവദിക്കരുതെന്നും നിർദ്ദേശിച്ചു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മറ്റൊരു പീഡനക്കേസിൽ പ്രതിയായിരുന്ന തന്നെ കോടതി വെറുതേവിട്ടതിനെത്തുടർന്ന് ഇൗ കേസിൽ സി.ബി.ഐ കുരുക്കിയതാണെന്നായിരുന്നു അനിമോന്റെ വാദം.