മുംബയ്: കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വലിലായിരിക്കെ കാലാവധി കഴിഞ്ഞാലും ബി.ജെ.പി സർക്കാരിന് തുടരാൻ സാഹചര്യമൊരുക്കി ഗവർണർ. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ സർക്കാരിന് ഒരാഴ്ച കൂടി തുരാമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി. ഇതോടെ സർക്കാർ രൂപീകരണത്തിന് ബി.ജെ.പിക്ക് കൂടുതൽ സമയം ലഭിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് ഫഡ്‌നാവിസ് സർക്കാരിന് ഒരാഴ്ച കൂടി തുടരാമെന്ന് വ്യക്തമാക്കിയതെന്നാണ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ വിശദീകരണം. ബി.ജെ.പി സംഘം നേരത്തെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ല. ഇതിന് പിന്നാലെയാണ് സർക്കാരിന് ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ടെന്ന് രാജ്ഭവൻ വ്യക്തമാക്കിയത്.
ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, മന്ത്രി സുധീർ മുഗന്ധിവാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബി.ജെ.പിയെ പ്രതിനിധീകരിച്ച് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഗവർണർക്ക് വിശദീകരിച്ച് നൽകിയെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. സർക്കാർ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ചർച്ച ചെയ്തതായി ബി.ജെ.പി നേതാക്കൾ കൂട്ടിച്ചേർത്തു.
ഇതിനിടെ പാർട്ടി എം.എൽഎമാരെ ബി.ജെ.പി മറുകണ്ടം ചാടിക്കാതിരിക്കാൻ ശിവസേനാ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.