മലപ്പുറം: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ തന്നെയെന്ന് അവകാശപ്പെട്ട് പൊലീസ്. സംഭവത്തിൽ സി.പി.ഐ (എം.എൽ) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്ര കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് പുറത്തുവിട്ടു. തിരിച്ചടിക്ക് പിന്നിലെ 11 കാരണങ്ങൾ നിരത്തുന്ന റിപ്പോർട്ടിൽ പൊലീസിനു നേരെ വെടിവച്ചതിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ച് ആറിന് വയനാട് വൈത്തിരി ഉപവൻ റിസോർട്ടിനു സമീപം നടന്ന ഏറ്റുമുട്ടലിലാണ് മലപ്പുറം സ്വദേശി സി.പി. ജലീൽ കൊല്ലപ്പെട്ടത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അന്നത്തേത് യഥാർത്ഥ ഏറ്റുമുട്ടലാണെന്ന് മാവോയിസ്റ്റുകൾ അംഗീകരിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് തണ്ടർ ബോൾട്ട് സംഘം രേഖ പുറത്തുവിട്ടത്.
മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും ജാഗ്രതക്കുറവാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പശ്ചിമഘട്ട സമിതിയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പ്രധാന റോഡിന് അരികിലുള്ള റിസോർട്ടിലേക്ക് പോകുമ്പോൾ മതിയായ മുൻകരുതൽ എടുത്തില്ല. സംഘം കാവൽക്കാരനെ നിയോഗിച്ചതിൽ തെറ്റുപറ്റി. അപകടം മനസ്സിലാക്കുന്നതിൽ കമാൻഡർക്ക് വീഴ്ച പറ്റി. പൊലീസ് എത്തിയ സമയത്ത് അലക്ഷ്യമായി വെടിവച്ച് മറ്റ് സംഘാംഗങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിക്കണമായിരുന്നു. ഇതിന് സംഘം ശ്രമിച്ചില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്.
അതേസമയം പൊലീസ് പുറത്തുവിട്ട രേഖ, വേഡ് ഡോക്യുമെന്റാണ്. കൈപ്പടയിലുള്ളതല്ല. ഈ രേഖയിൽ ആരുടെയും ഒപ്പുമില്ല. മഞ്ചക്കണ്ടിയിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മാവോവാദികളുടെ ഒരു ലാപ് ടോപ് കിട്ടിയിരുന്നു. ഈ ലാപ്‌ടോപ്പിൽനിന്നാണ് രേഖ കിട്ടിയതെന്നാണ് പൊലീസ് പറയുന്നത്.