manic-kappan-

കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ സ്വന്തം മണ്ഡലമെന്നറിയപ്പെട്ടിരുന്ന പാലായിലെ ഉപതിരഞ്ഞെടുപ്പിൽ വിജയം നേടി താരമായ എം.എൽ.എയാണ് മാണി സി. കാപ്പൻ. മുമ്പ് കെ.എം.മാണിക്കെതിരെ മത്സരിച്ച് പലതവണ തോറ്റ മാണി സി കാപ്പനെ ഇത്തവണ പാലായിലെ ജനങ്ങൾ കൈവിട്ടില്ല. മാണിസാറിനോടുള്ള സ്നേഹമാണ് മാണി സി കാപ്പനും തുണയായതെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പലരും തമാശയായും സീരിയസായും പറഞ്ഞിരുന്നു. ഇപ്പോഴിതാ പാലാക്കാരുടെ മറ്റൊരു ശീലമാണ് മാണി സി കാപ്പൻ എം.എൽ.എയെ വിഷമിപ്പിക്കുന്നത്. അദ്ദേഹം ഇക്കാര്യം ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. മുൻപ് മാണിച്ചാ അല്ലെങ്കിൽ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്നവർ ഇപ്പോൾ ‘സാർ’ എന്നുവിളിക്കുന്നു എന്നാണ് എം..എൽ..എയുടെ പരിഭവം.

ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ;

പ്രിയ സുഹൃത്തുക്കളെ, എംഎൽഎ ആയി എന്റെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവിൽ ധാരാളം ആളുകളെ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തു. അതിനിടയിൽ എന്റെ ശ്രദ്ധയിൽപെടുകയും എന്നെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഒരു കാര്യം ഇവിടെ പങ്കു വെക്കുന്നു. മാണിച്ചാ അല്ലെങ്കിൽ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്ന എന്റെ ഗുരുക്കന്മാർ, വൈദിക ശ്രേഷ്‌ഠർ, മുതിർന്നവർ, സുഹൃത്തുക്കൾ അടക്കം പലരും അത് മാറ്റി 'സാർ' എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാർ' വിളി എന്ന് ഞാൻ വിശ്വസിക്കുന്നു.മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി എന്നെ തുടരാൻ അനുവദിക്കുക.

നിങ്ങളുടെ സ്വന്തം. മാണി സി കാപ്പൻ.