ഒന്നാം എൻ.ഡി.എ സർക്കാരിന്റെ ഏറ്റവും വിജയകരമായ പരിഷ്കാരം എന്ന് ഉയർത്തിക്കാട്ടിയ നോട്ട് നിരോധനത്തിന് ഇന്ന് മൂന്ന് വർഷം തികയുന്നു. ആറ് മാസം കൊണ്ട് രാജ്യം പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു, എന്നാൽ മൂന്ന് വർഷത്തിന് ശേഷവും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കരകയറിയിട്ടില്ല എന്നതാണ് സത്യം. ഇന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.
2016 നവംബർ 8 രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. രാജ്യത്തെ കള്ളപ്പണം തടയാനുള്ള നടപടിയായിട്ടാണ് ബി.ജെ.പി പ്രവർത്തകർ ഇതിനെ കണ്ടത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.4 ലക്ഷം കോടി രൂപ ഒരു രാത്രി കൊണ്ട് അസാധുവാക്കപ്പെട്ടു. പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങളിൽ ഭീതിയും ആശങ്കയും ഉളവായി. കയ്യിലുള്ള പണം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. തുടർന്നങ്ങോട്ടുള്ള ദിനങ്ങളിൽ എം.ടി.എമ്മുകളിലും ബാങ്കുകളിലും വലിയ ക്യൂ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എ.ടി.എമ്മുകളുടെയും മുന്നിലെ തിക്കിലും തിരക്കിലും പെട്ട് 105 പേരാണ് മരിച്ചത്.
പഴയ കറൻസി മാറ്റിയെടുക്കുന്നതിനും ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഇത് ജനങ്ങൾക്ക് സർക്കാരിനോട് വിദ്വേഷവും അമർഷവും ഉണ്ടാകാൻ കാരണമായി. ഏതാണ്ട് 50,000 എ.ടി.എമ്മുകൾ രണ്ടു മാസക്കാലം പ്രവർത്തിക്കാത്ത അവസ്ഥവരെ ഉണ്ടായി. ഏതാണ്ട് 85 ശതമാനത്തോളം ചില്ലറ വ്യാപാരവും സാധാരണ പണമിടപാടുകളും കറൻസി ഉപയോഗിച്ച് നടന്നിരുന്ന ഇന്ത്യൻ സമ്പദ്ഘടനയിൽ നോട്ടുനിരോധനം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
ചലച്ചിത്ര സാംസ്കാരിക മേഖലയിലെ പ്രമുഖർ മോദിയുടെ നോട്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും പിന്നീടവർക്ക് അത് തിരുത്തേണ്ടി വന്നു. കള്ളപ്പണത്തിനെതിരെ ഉയർത്തിക്കാട്ടിയ നോട്ട് നിരോധനം 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ പരാജയമാണെന്ന് സമ്മതിക്കേണ്ടിവന്നു. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു അടുത്ത പ്രഖ്യാപനം. എന്നാൽ തുടർന്നങ്ങോട്ട് ഭീകരപ്രവർത്തനം വർദ്ധിക്കുകയാണ് ചെയ്തത്.