alan-thaha

കോഴിക്കോട്: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹർജിക്കാരുടെ വാദം.

പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കുന്നെന്നാണ് കീഴ്ക്കോടതി ഉത്തരവിൽ പറയുന്നത്. ഇരുവർക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് കഴിഞ്ഞദിവസം ജാമ്യഹർജി പരിഗണിക്കവേ പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദിനേശ് മുന്നോട്ടുവച്ചത് . അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവർക്ക് നിയമപരമായും മാനുഷിക പരിഗണനയിലും ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് അറസ്റ്റിലായ അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

അലനെയും ഷുഹൈബിനെയും വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും കോഴിക്കോട് ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി.

അതേസമയം, മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് രണ്ട്‌ വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തി അറസ്‌റ്റ്‌ ചെയ്‌‌തതിനോട് യോജിക്കാനാകില്ലെന്ന്‌ സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യു.എ.പി.എ നിയമം ദുരുപയോഗിക്കുന്നതിനോട്‌ സി.പി.എം യോജിക്കുന്നില്ല. ഇക്കാര്യത്തിൽ പൊലീസിന്‌ തെറ്റുപറ്റി. അത് തിരുത്താൻ സർക്കാർ ഇടപെടുമെന്നാണ് കരുതുന്നത്. മാവോയ‌ിസ്‌റ്റ്‌ പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ മജിസ്‌റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്‌. അതിനു ശേഷം പ്രതികരിക്കാമെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞിരുന്നു.