ന്യൂഡൽഹി: തിസ് ഹസാരി കോടതി പരിസരത്ത് പൊലീസും അഭിഭാഷകരും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാർക്ക് സ്ഥലംമാറ്റം. സ്‌പെഷൽ കമ്മിഷണർ സഞ്ജയ് സിംഗ്, അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ഹരേന്ദർ കുമാർ സിംഗ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി ഇവരെ സ്ഥലംമാറ്റാൻ നിർദേശിച്ചിരുന്നു. നോര്‍ത്ത് പൊലീസ് സ്‌പെഷ്യല്‍ കമ്മിഷണറായ സഞ്ജയ് സിംഗിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായും നോര്‍ത്ത് പൊലിസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായ ഹരേന്ദര്‍ സിംഗിനെ റെയില്‍വേയിലേക്കുമാണ് മാറ്റിയത്. ശനിയാഴ്ച തിസ് ഹസാരി കോടതി വളപ്പിൽ അഭിഭാഷകരുമായുള്ള ഏറ്റുമുട്ടലിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
ജില്ലാ കോടതികൾ പ്രവർത്തിക്കുന്ന തിസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയിൽ നവംബർ രണ്ടിനാണ് സംഘർഷത്തിന് കാരണമായ സംഭവം നടന്നത്. കോടതിയിൽ വാദിക്കാൻ എത്തിയ അഭിഭാഷകന്റെ കാർ റോഡിൽ പാർക്കു ചെയ്‌തതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എതിർത്തതാണ് തുടക്കം. എന്നാൽ, അഭിഭാഷകന്റെ കാർ പൊലീസ് വാഹനത്തിൽ ഇടിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദവുമുണ്ട്. അഭിഭാഷകനെ കസ്‌റ്റഡിയിലെടുത്തെന്നും എതിർത്തപ്പോൾ പൊലീസ് വെടിവച്ചെന്നും മറ്റ് അഭിഭാഷകർ പറയുന്നു.സംഭവമറിഞ്ഞ് കോടതി വളപ്പിൽ നിന്ന് കൂടുതൽ അഭിഭാഷകർ എത്തി പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയുമായിരുന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു.