car-tax

കൊച്ചി : സിനിമ നടനും സംവിധായകനുമായ പൃഥ്വിരാജ് പുതുതായി സ്വന്തമാക്കിയ ആഡംബരക്കാറിന്റെ രജിസ്‌ട്രേഷൻ നടപടികളിൽ ആശയകുഴപ്പം. 1.34 കോടി വിപണിമൂല്യമുള്ള വാഹനത്തിന്റെ വില കുറച്ച് താത്കാലിക രജിസ്‌ട്രേഷൻ നടത്തുവാൻ വാഹന വ്യാപാരി നടത്തിയ ശ്രമമാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ തടഞ്ഞത്. എറണാകുളം ആർ.ടി. ഓഫീസിൽ ഓൺലൈൻ അപേക്ഷയിലൂടെയാണ് വാഹനത്തിന്റെ താത്കാലിക രജിസ്‌ട്രേഷനുവേണ്ടി ഡീലർ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ വിപണിമൂല്യത്തിൽ നിന്നും മുപ്പത് ലക്ഷത്തോളം രൂപയുടെ കുറവ് കണ്ടെത്തുകയായിരുന്നു. മുപ്പത് ലക്ഷം രൂപ കുറവ് വന്നത് 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' നൽകിയതുകൊണ്ടാണെന്നാണ് വാഹന വ്യാപാരിയുടെ വാദം, ഇതിനാൽ തന്നെ രജിസ്‌ട്രേഷന് നൽകിയ അപേക്ഷയിൽ വാഹന വിലയായി രേഖപ്പെടുത്തിയത് 1.34 കോടിരൂപയായിരുന്നു.

ആഡംബര വാഹനങ്ങൾക്ക് ഡീലർമാർ എത്ര തന്നെ ഡിസ്‌കൗണ്ട് നൽകിയാലും യഥാർത്ഥ വിലയുടെ ഇരുപത്തിയൊന്ന് ശതമാനം വരുന്ന തുക നികുതിയായി നൽകണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ ഇനി ഒൻപത് ലക്ഷത്തോളം രൂപ കൂടി നൽകേണ്ടിവരും.