taping-phone-calls-

തിരുവനന്തപുരം: ഷാഡോ പൊലീസുകാരൻ മാസപ്പടി കൈപ്പറ്റി മണ്ണ് മാഫിയകളെയും റിസോർട്ടുകാരെയും ആക്രി വ്യാപാരികളെയും സഹായിക്കുന്നു എന്ന് ആരോപിച്ച് ഡി.ജി.പിയ്ക്ക് ലഭിച്ച പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശിയാണ് പരാതി നൽകിയത്. കഴിഞ്ഞ പത്ത് വർഷമായി റൂറൽ പൊലീസിന്റെ ഷാഡോ വിഭാഗത്തിലും ക്രൈം സ്‌ക്വാഡിലും ജോലിനോക്കുന്ന ഇയാൾ കൃത്യമായി ജോലിക്കെത്താറില്ലെന്ന സൂചനയോടെയാണ് പരാതിയിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ഒരു സ്റ്റുഡിയോ കേന്ദ്രീകരിച്ച് സുഹൃത്തുക്കളുമൊത്ത് മദ്യപാനവും മറ്റ് കാര്യങ്ങളുമായി സമയം ചെലവഴിക്കുന്ന പൊലീസുകാരൻ ഗൾഫിലുള്ള സുഹൃത്തുക്കൾക്കായി അവരുടെ ഭാര്യമാരുൾപ്പെടെയുള്ളവരുടെ ഫോൺകോൾ വിവരങ്ങൾ ചോർത്തി നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷന്റെ പേരുപറഞ്ഞാണ് ഈ ചോർത്തൽ. ചില റിസോർട്ടുകളിലേക്ക് സ്വന്തം കാറിൽ മദ്യം കടത്തി നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു. മണൽ മാഫിയയുമായി വഴിവിട്ട ബന്ധമുള്ളതായും ആക്ഷേപമുണ്ട്.

മണൽ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിൽ മുമ്പ് സ്ഥലം മാറ്റപ്പെട്ട പൊലീസുകാരൻ ചില സ്വാധീനങ്ങളുപയോഗിച്ച് വീണ്ടും ക്രൈം സ്‌ക്വാഡിൽ എത്തുകയായിരുന്നുവത്രേ. ചില ആക്രി മുതലാളിമാരിൽ നിന്നും മാസപ്പടി വാങ്ങുന്നതായും പരാതിക്കാരൻ ആരോപിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിർദ്ദേശാനുസരണമാണ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം പരാതിയിൽ അന്വേഷണം തുടങ്ങിയത്.