ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ പറഞ്ഞു. ലോകരാജ്യങ്ങളെ ഒരുമിപ്പിച്ചതിന്റെ ക്രഡിറ്റ് അദ്ദേഹത്തിനുള്ളതാണെന്നും റേ ഡാലിയോ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് റേ ഡാലിയോ ഇക്കാര്യം വ്യക്തമാക്കിയത്.
ദരിദ്രരെയും സമ്പന്നരായ ബിസിനസുകാരെയും ഉൾപ്പടെ സഹായിച്ചുകൊണ്ട് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്ന ശൈലിയാണ് തനിക്ക് അദ്ദേഹത്തിൽ മതിപ്പുളവാക്കിയതെന്ന് ഡാലിയോ പറഞ്ഞു. പത്ത് കോടി ശുചിമുറികൾ നിർമ്മിക്കാനുള്ള സർക്കാർ ശ്രമങ്ങളെയും ഡാലിയോ പ്രശംസിച്ചു. അതുവഴി രോഗങ്ങൾ കുറയ്ക്കുകയും ആയിരക്കണക്കിന് ജീവൻ രക്ഷിക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
In my opinion, Indian’s Prime Minister Modi is one of the best, if not the best, leaders in the world. I had an opportunity to explore with him how he thinks as well as what he thinks. If you’re interested in listening to it, here it is: https://t.co/upiMLOgKCA
— Ray Dalio (@RayDalio) November 7, 2019
അടിസ്ഥാനകാര്യങ്ങളും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും നൽകിയാണ് അദ്ദേഹം ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കുന്നത്. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് പത്ത് കോടി ശുചിമുറികൾ നിർമ്മിക്കാനുള്ള തീരുമാനം. അതുവഴി മൂന്ന് ലക്ഷം ജീവനുകളാണ് രക്ഷപ്പെടുന്നത്. വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കാര്യപ്രാപ്തി നരേന്ദ്ര മോദിക്കുള്ളതുകൊണ്ടാണ് വമ്പിച്ച ജനവിധി അദ്ദേഹത്തെ തേടിയെത്തിയത്. മറ്റ് രാജ്യങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള കാര്യങ്ങളാണിവ- ഡാലിയോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടുകളിലൊന്നായ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിന്റെ സ്ഥാപകനാണ് റേ ഡാലിയോ, ലോകത്തിലെ 58-ാമത്തെ സമ്പന്ന വ്യക്തിയായി 2019 ജൂണിൽ ബ്ലൂംബെർഗ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.