കേരളത്തിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഈ തീരുമാനം ഏറെ വൈകിപ്പോയതിനാൽ അതിന്റെ കുഴപ്പങ്ങൾ കേരളീയ സമൂഹത്തിൽ എല്ലായിടത്തും കാണാനുണ്ട്.
എട്ടാം ക്ലാസിലെ ബയോളജി ക്ലാസിൽ അദ്ധ്യാപകർ ശ്വാസം വിടാതെ വായിച്ചു പോയ പ്രത്യുല്പാദനത്തെപ്പറ്റിയുള്ള പാഠഭാഗമാണ് എന്റെ തലമുറയിലെ മലയാളിക്ക് കിട്ടിയ ലൈംഗികവിദ്യാഭ്യാസം. ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിട്ടും ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോ ? ഇല്ല. നമ്മുടെ സിലബസിൽ മാറ്റങ്ങളൊന്നുമില്ല. മിക്കവാറും സ്കൂളുകൾ പുറത്തുനിന്ന് ഒരു ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ കൊണ്ടുവന്ന് ഒരു ക്ലാസ് സംഘടിപ്പിക്കും. അദ്ധ്യാപകർക്ക് , ലൈംഗിക കാര്യങ്ങൾ കുട്ടികളുടെ മുന്നിൽ പറയേണ്ടി വരുന്ന വിഷമം അങ്ങനെ ഒഴിവാക്കാം. ഞങ്ങളുടെ സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസം കൊടുത്തു എന്ന് മേനി പറയുകയും ചെയ്യാം. എന്നാൽ ലോകം ഇക്കാര്യത്തിൽ വളരെ മുന്നേറി. കാലാനുസൃതമായ ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് നിരവധി ഗവേഷണങ്ങൾ നടത്തി, ലോകത്തിലെ ഏറ്റവും നല്ലതെന്ന് കണക്കാക്കപ്പെടുന്ന ഒരു സിലബസ് അടുത്ത വർഷം മുതൽ ഇംഗ്ലണ്ടിൽ നടപ്പിലാക്കാൻ പോവുകയാണ്. നമ്മുടെ സർക്കാർ ഇക്കാര്യം ഗൗരവമായെടുക്കുമെങ്കിൽ ലൈംഗിക വിദ്യാഭ്യാസത്തെ ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തിക്കാനുള്ള ഒന്നാന്തരം അവസരമാണിത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വന്നിരിക്കുന്ന ആദ്യ മാറ്റം ലൈംഗിക വിദ്യാഭ്യാസം എന്ന പേര് തന്നെ മാറ്റിയിരിക്കുന്നു എന്നതാണ്. Relationship and Sex Education എന്നതാണ് പുതിയ ലോകത്തെ പാഠ്യപദ്ധതിയുടെ പേര്. ലൈംഗികത വേറിട്ട് നിൽക്കുന്ന ഒരു വിഷയമല്ല, മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് എന്ന അറിവിൽ നിന്നാണ് ഈ അടിസ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്. പുതിയ കാലത്തും പുതിയ ലോകത്തും ലൈംഗിക വിദ്യാഭ്യാസം എന്ന പേരിൽ സ്കൂളുകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് പറയുന്നതിന് മുൻപ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്ന പുതിയ ചിന്താഗതികൾ എന്താണെന്ന് നോക്കാം.
ഒറ്റ പീരിയഡിൽ തീർക്കേണ്ടതല്ല
കുട്ടികൾ നിർദേശങ്ങൾ അനുസരിക്കാൻ പഠിക്കുന്ന കാലം മുതൽ തുടങ്ങേണ്ടതാണ് ലൈംഗിക വിദ്യാഭ്യസം. ഓരോ പ്രായത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളാണ് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക പ്രായത്തിൽ പ്രത്യേക ദിവസം ഒറ്റയടിക്ക് പറഞ്ഞു മനസിലാക്കേണ്ടതോ മനസിലാക്കാവുന്നതോ അല്ല ലൈംഗികതയുടെ പാഠങ്ങൾ.
ഒരു വിഷയത്തിൽ ഒതുങ്ങേണ്ടതല്ല
എട്ടാം ക്ലാസിലെ ബയോളജി ആയിരുന്നു പണ്ടത്തെ ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞല്ലോ. ബയോളജി തീർച്ചയായും പഠിപ്പിക്കണം. ഒപ്പം സൈബർ ലോകത്തെ ലൈംഗിക സാദ്ധ്യതകളും ചതിക്കുഴികളും കംപ്യൂട്ടർ ക്ലാസിലും, ലൈംഗികതയുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങൾ സോഷ്യൽ സ്റ്റഡീസിലും പഠിപ്പിക്കണം. സ്കൂളിൽ നിന്ന് മാത്രമല്ല ലൈംഗിക വിദ്യാഭ്യാസം ലഭിക്കേണ്ടത്: ചെറുപ്രായത്തിലേ പറഞ്ഞു തുടങ്ങേണ്ടതിനാലും അനവധി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാലും ലൈംഗിക വിദ്യാഭ്യാസം എന്നത് സ്കൂളിൽ മാത്രം സംഭവിക്കേണ്ട ഒന്നല്ല. സ്കൂളിലും വീട്ടിലും സാധിക്കുമെങ്കിൽ സുരക്ഷിതമായ മറ്റു സാമൂഹ്യ സ്ഥാപനങ്ങളിലും ലൈംഗിക വിദ്യാഭ്യാസം തുടർച്ചയായി നടക്കണം. സ്കൂളുകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് മാതാപിതാക്കളും എന്താണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ധ്യാപകരും അറിയണം. പണ്ട് പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നത്. അല്പമെങ്കിലും പുരോഗമന ചിന്താഗതിയുള്ള മാതാപിതാക്കളാകട്ടെ, ലൈംഗിക വിദ്യാഭ്യാസത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകും. എന്നാൽ പുസ്തകം വായിക്കാൻ പഠിക്കുന്നതിനും മുൻപേ തുടങ്ങേണ്ടതായതിനാൽ അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ തുടങ്ങി പിന്നീട് ചിത്രങ്ങളും ചാർട്ടുകളും വീഡിയോകളും പുസ്തകങ്ങളും കൊണ്ട് സമ്പുഷ്ടമാക്കണം ഈ അറിവ്. കുട്ടികളെ സമൂഹജീവിയായി വളർത്തി അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കുക എന്നതാണല്ലോ കുട്ടികളെ വളർത്തലിന്റെ അടിസ്ഥാനലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ് കുട്ടികൾക്ക് ലൈംഗിക അറിവ് നൽകുക എന്നത്. അതിനാൽ മറ്റു വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് പോലെതന്നെ പ്രധാനമാണ് ഈ വിഷയവും.
എവിടെ തുടങ്ങണം ?
ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അത് മനസിലാക്കാനും പ്രതിരോധിക്കാനും അവരെ തയ്യാറാക്കേണ്ടതുണ്ട്. ലൈംഗികാവയവങ്ങൾ വൃത്തിയായി സൂക്ഷിക്കൽ ഏതാണ് നല്ല സ്പർശം, ഏതാണ് ചീത്ത സ്പർശം. ചീത്ത സ്പർശമുണ്ടായാൽ ആരോടാണ് പറയേണ്ടത്. കുട്ടികൾ ഉൾപ്പെടെ ഓരോരുത്തരുടെയും ശരീരം അവരുടേത് മാത്രമാണെന്നും സമ്മതമില്ലാതെ ശരീരം സ്പർശിക്കാനുള്ള അവകാശം ആർക്കുമില്ലെന്നുമുള്ള അവകാശം പഠിപ്പിക്കുക. കർശനമായ അവകാശ ബോധം കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ഉണ്ടാക്കിയെടുത്താൽ, അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റത്തെ കൃത്യമായും കർശനമായും പ്രതിരോധിക്കാൻ അവർക്ക് എക്കാലവും സാധിക്കും.