സംസ്ഥാനത്തെ ഭരണ സർവീസിന് നേതൃത്വം നൽകുന്ന ചീഫ് സെക്രട്ടറിയും, പൊലീസിന് നേതൃത്വം നൽകുന്ന പൊലീസ് മേധാവിയും എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളെ ഓവർടേക്ക് ചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കുന്നതായി സി.പി.ഐക്ക് സംശയമുണ്ടെന്നും പാർട്ടി ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും സി.പി.ഐ അസി.സെക്രട്ടറി പ്രകാശ്ബാബു പറഞ്ഞു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖം നാളെ രാത്രി ഒമ്പതിന് കൗമുദി ടിവി സംപ്രേഷണം ചെയ്യും.
ഇടത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഐ.പി.എസുകാരായ ചില ഉന്നത ഉദ്യോഗസ്ഥർ ആസൂത്രിതമായ കരുനീക്കങ്ങൾ നടത്തുന്നു. കേന്ദ്രത്തിലെ ചിലരുടെ പിന്തുണ അതിനുണ്ട്. ചില ഐ.പി.എസുകാരുടെ പ്രവൃത്തികൾ സർക്കാരിന് കളങ്കമുണ്ടാക്കുന്ന നിലയിലേക്കു പോകുന്നു. പൊലീസ് മേധാവിയെ മാറ്റാൻ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.എന്നാൽ അതേക്കുറിച്ച് ചർച്ച ചെയ്യേണ്ടിയിരിക്കുന്നുവെന്നായിരുന്നു പ്രകാശ് ബാബുവിന്റെ മറുപടി.
അട്ടപാടിയിൽ നിന്ന് തണ്ടർ ബോൾട്ടിനെ പിൻവലിക്കണം മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ ആദിവാസികളെ ഭീഷണിപ്പെടുത്തുകയും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും അകറ്റി നിറുത്തുന്നതിനും പിന്നിൽ കഞ്ചാവ് ലോബിക്ക് പങ്കുണ്ടെന്ന വിവരമുണ്ട്.
സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നല്ല കാര്യങ്ങളെ ടോർപ്പിഡോ ചെയ്യുന്ന തരത്തിൽ കേരള പൊലീസിലെ ഐ.പി.എസ് നേതൃത്വം പ്രവർത്തിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാരായ ചില ഐ.പി.എസ് ഓഫീസർമാരുടെ നടപടികൾ ഇത്തരത്തിലുള്ളതാണ്. മാവോയിസ്റ്റ് വേട്ടയുടെയും യു.എ.പി.എ ചുമത്തുന്നതിന്റെയും കാര്യങ്ങളിൽ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും സ്വാധീനിക്കുന്നത് നരേന്ദ്രമോദിയുടേയും അമിത്ഷായുടെയും നയങ്ങളാണ്. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലണമെന്ന കേന്ദ്രസർക്കാർ നയം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരല്ല ഇവർ. ഇടതു സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ ഇടത് സർക്കാരിന്റെ നയങ്ങളാണ് ഇവർ പ്രാവർത്തികമാക്കേണ്ടത് . എന്നാൽ അവർ അതിൽനിന്ന് വ്യതിചലിച്ചു പോവുന്നു. അതിന് അവർ നിരത്തുന്നത് വളച്ചൊടിച്ച കാരണങ്ങളാണ്. പൊലീസിന് ഈ നിലപാടുമായി മുന്നോട്ടു പോകാനാവില്ല. തിരുത്തേണ്ടിവരും.
സംസ്ഥാന ഭരണത്തിൽ ബ്യൂറോക്രസിയുടെ ആധിപത്യം ഉണ്ടെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭ നടക്കുമ്പോൾ സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന വിധത്തിൽ ഒരു ഡിപ്പാർട്ടുമെന്റുകളും പ്രവർത്തിക്കാറില്ല. എന്നാൽ സഭാസമ്മേളനം ആരംഭിച്ച വേളയിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതും മുഖ്യമന്ത്രി കോഴിക്കോട്ട് ചെന്ന ദിവസം നോക്കി രണ്ട് സി.പി.എം മെമ്പർമാരുടെ പേരിൽ യു.എ.പി.എ ചുമത്തിയതും ചേർത്ത് വായിക്കുമ്പോൾ സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണോ അതെന്ന് ആരും സംശയിച്ചുപോകും. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തെ അട്ടിമറിക്കുന്നതാണ് ചീഫ്സെക്രട്ടറി എഴുതിയ ലേഖനം. അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തെ അത് സ്വാഭാവികമായും സ്വാധീനിക്കും. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യവുമാണ്.
മഞ്ചിക്കണ്ടിയിലെ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള സി.പി.ഐ നിലപാട് സർക്കാരിന്റെയും ജനങ്ങളുടെയും മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. സഭാസമ്മേളനം നടക്കുമ്പോൾ പൊലീസ് റിപ്പോർട്ടിനെ ആശ്രയിച്ചുള്ള അഭിപ്രായങ്ങളേ ഏതൊരു മുഖ്യമന്ത്രിക്കും സഭയിൽ പറയാനാവുകയുള്ളൂ. അദ്ദേഹത്തിന് ഒരു ബ്രീത്തിംഗ് ടൈം നൽകണം .രാഷ്ട്രീയ നേതൃത്വം കാര്യങ്ങൾ മനസിലാക്കുകയും തിരുത്തലിന് മുതിരുകയും ചെയ്യുമെന്നാണ് ഞങ്ങൾ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്, മഞ്ചിക്കണ്ടിയിൽ നടന്നത് സർക്കാരിന് അപമാനകരമായ നടപടിയാണ്. മാവോയിസ്റ്റുകളെ വെടിവയ്ക്കുന്നത് ഇടത് നയമല്ല.
കേരളത്തിൽ ഒരു ജില്ലയിലും മാവോയിസ്റ്റ് ഭീഷണിയില്ല. ആദിവാസി ഊരുകളിൽ നിന്ന് മാവോയിസ്റ്റുകളുടെ ഭാഗത്തേക്ക് ഒരാൾപോലും പോയിട്ടില്ല. സി.പി.ഐയും സി.പി.എമ്മും തമ്മിൽ ഒരു തർക്കവുമില്ല. യു.എ.പി.എ യുടെ കാര്യത്തിൽ യെച്ചൂരിയും കാരാട്ടും ബേബിയും ഐസക്കും പറഞ്ഞതേ സി.പി.ഐയും പറയുന്നുള്ളു. മാവോയിസ്റ്റുകളുടെ മാർഗത്തോട് സി.പി.ഐ യോജിക്കുന്നില്ല.തോക്കേന്തിയുള്ള ഭീകരവാദമാണത്. എന്നാൽ അവർ മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങളെ ഒരു ക്രമസമാധാന പ്രശ്നമായി കാണേണ്ടതില്ല. അതിന് പരിഹാരം കാണാനാണ് ശ്രിമിക്കേണ്ടതെന്നും പ്രകാശ്ബാബു കൂട്ടിച്ചേർത്തു.