moothon

ലയേഴ്സ് ഡയസ് എന്ന സിനിമയ്ക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന സിനിമ ചർച്ച ചെയ്യുന്ന പ്രമേയത്തിന്റെ മികവു കൊണ്ടും അഭിനേതാക്കളുടെ അസാധാരണ വൈഭവം കൊണ്ടും വേറിട്ടുനിൽക്കുന്നതാണ്. ഒരു പക്കാ എന്റർടെയ്‌നർ എന്നതിനുപരി സിനിമയുടെ കലാമൂല്യത്തെ എല്ലാതരത്തിലും വരച്ചു കാട്ടുന്നുണ്ട് സിനിമ. ഇത്തരം സിനിമകൾ സംവിധാനം ചെയ്യുന്നവരുടെ കൂടി മേഖലയാണ് മലയാള സിനിമയെന്ന സന്ദേശവും ഗീതു തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ പറയുന്നുണ്ട്.

മൂത്തോനെ മുന്നിൽ നിറുത്തുന്നത്
മലയാള സിനിമാരംഗത്ത് മിനിമം ഗാരന്റി ഉറപ്പു നൽകുന്ന നടനായ നിവിൻ പോളിക്കൊപ്പം ഗീതു മോഹൻദാസ് എന്ന സംവിധായിക ഒന്നിച്ചുവെന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ടൊറോന്റോ ചലച്ചിത്ര മേള അടക്കം വിദേശ ചലച്ചിത്ര മേളകളിൽ ഈ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ലക്ഷദ്വീപിൽ നിന്ന് കാണാതെ പോയ തന്റെ സഹോദരൻ അക്ബറിനെ തേടി മുംബയിലെത്തുന്ന കൗമാരക്കാരിയായ മുല്ലയുടെ ജീവിതമാണ് സിനിമയുടെ ആകെത്തുക. അവളുടെ ആ അന്വേഷണം ചെന്നെത്തുന്നതാകട്ടെ മുംബയിലെ കുപ്രസിദ്ധമായ കാമാത്തിപുരയിലും.

nivin

എരിവും പുളിവും ചേർന്ന മസാല സിനിമകളെക്കാളുപരി ഒരുപക്ഷേ,​ വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന കാമാത്തിപുര എന്ന ചുവന്ന തെരുവിലെ ജീവിതത്തെ ശക്തമായി അടയാളപ്പെടുത്തുന്നുണ്ട് സിനിമ. ജീവിതം തേടി മുംബയിലെത്തിയ സ്ത്രീകളടക്കമുള്ള പലരും പിന്നീടൊരു 'ജീവിതം' കണ്ടെത്തിയതും ഈ ചുവന്ന തെരുവിലാണെന്നത് വിസ്‌മരിക്കാനാകാത്ത സത്യമാണ്. മലയാളത്തിന് സഹോദര ബന്ധമുള്ള ലക്ഷദ്വീപിൽ നിന്ന് മുംബയ് എന്ന മഹാനഗരത്തിലേക്ക് സിനിമ സഞ്ചരിക്കുമ്പോൾ ജീവിതയാഥാർത്ഥ്യങ്ങളെ അപ്പാടെ പകർത്താനുള്ള സംവിധായികയുടെ ത്വരയും ചിത്രത്തിലൂടനീളം കാണാം. അതിനാലാണ് സിനിമ ഇത്രയും വൈകാരികമായി പ്രേക്ഷകന് അനുഭവപ്പെടുന്നതും. ഇന്ത്യയിൽ നിയമവിധേയമാക്കിയ സ്വവർഗ ലൈംഗികതയെ പോലും അതിന്റെ പൂർണതയോടെ സിനിമ ആഘോഷിക്കുന്നുണ്ട്. സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങളായ അക്ബറും (കാമാത്തിപുരയിൽ ഭായി എന്നാണ് അയാൾ അറിയപ്പെടുന്നത്)​ മുല്ലയും സിനിമയെ ബാലൻസ് ചെയ്യിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ലൈംഗികത,​ ലിംഗത്വം എന്നിവ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലേക്ക് കൂടി സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നു. കാമാത്തിപുരയുടെ നേർചിത്രം ഇതിനോടകം പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഗീതു തന്റേതായ രീതിയിലാണ് അതിനെ സമീപിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരുപാട് കാര്യങ്ങൾ വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഗീതുവും അനുരാഗ് കാശ്യപും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥ.

നിവിൻ പോളിയുടെ അവതാരം
റിച്ചി എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ചതിന് സമാനമായ കഥാപാത്രത്തെയാണ് ഈ സിനിമയിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ നിവിന്റേത്. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുന്നതിന്റെ തീവ്രതയ്ക്കനുസരിച്ച് ശരീരത്ത് കത്തി കൊണ്ട് സ്വയം മുറിവേൽപിക്കുന്ന നിവിന്റെ രംഗങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. മയക്കുമരുന്നിനും ലഹരിക്കും അടിമയായ ഭായിയുടെ കഥാപാത്രത്തെ അത്രയേറെ പരുക്കനായാണ് ഒരുക്കിയിരിക്കുന്നത്. അതിലും പരുക്കനായി നിവിൻ അതിനെ സ്ക്രീനിലെത്തിച്ചിരിക്കുകയും ചെയ്യുന്നു. മുല്ലയുടെ വേഷത്തിലെത്തുന്ന സഞ്ജന ദിപും അസാദ്ധ്യമായ അഭിനയമികവാണ് പ്രകടിപ്പിക്കുന്നത്. പുതുമുഖ താരത്തിന്റെ പതർച്ചയൊന്നുമില്ലാതെ സ്ക്രീനിലെത്തുന്ന സഞ്ജനയുടെ കണ്ണുകളിൽ അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും നിഴലാട്ടം ശക്തമായി തന്നെ കാണാം. അമീർ എന്ന ഊമയായ യുവാവിനെ അവതരിപ്പിച്ച റോഷൻമാത്യൂവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ നായികാവേഷം അവതരിപ്പിക്കുന്ന ശോഭിതാ ധുലിപാല, ശശാങ്ക് അറോറ, ദിലീഷ് പോത്തൻ എന്നിവരുടെ അഭിനയവും എടുത്തുപറയേണ്ടതാണ്.

nivin

സാങ്കേതികത്തികവിൽ ഗീതുവിന്റെ ലയേഴ്സ് ഡയസിനെക്കാൾ ഒരുപാട് മുന്നിലാണ് മൂത്തോൻ നിൽക്കുന്നത്. ഗീതുവിന്റെ ഭർത്താവ് രാജീവ് രവിയുടെ ഛായാഗ്രഹണമികവ് അഭിനന്ദനം അർഹിക്കുന്നു. കാമാത്തിപുരയിലെ കുടിൽ ജീവിതങ്ങളുടെ നേർക്കാഴ്ചയെ വൈകാരികതയോടെ രാജീവ് പകർത്തുമ്പോൾ പ്രേക്ഷകർക്ക് അതൊരു ദൃശ്യവിരുന്ന് കൂടിയായി മാറുകയാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്നാണ് മൂത്തോൻ നിർമ്മിച്ചിരിക്കുന്നത്.

വാൽക്കഷണം: ശരിക്കും മൂത്തത് തന്നെയാണ് മൂത്തോൻ

റേറ്റിംഗ്: 3