ന്യൂഡൽഹി: എം.ടി.എൻ.എല്ലുമായുള്ള ലയനത്തിന് മുന്നോടിയായി ബി.എസ്.എൻ.എൽ അവതരിപ്പിച്ച വി.ആർ.എസ് (സ്വയം വിരമിക്കൽ) പദ്ധതി ഇതിനകം തിരഞ്ഞെടുത്തത് 22,000 ജീവനക്കാർ. നവംബർ അഞ്ചിനാണ് വി.ആർ.എസ് പദ്ധതി അവതരിപ്പിച്ചത്.
മൊത്തം 1.74 ലക്ഷം ജീവനക്കാർ ബി.എസ്.എൻ.എല്ലിലുണ്ട്. ഒരുലക്ഷം പേർ വി.ആർ.എസിന് അർഹരാണ്. ഇതിൽ 77,000 പേരെങ്കിലും വി.ആർ.എസ് തിരഞ്ഞെടുക്കുമെന്നാണ് ബി.എസ്.എൻ.എൽ കരുതുന്നത്. വി.ആർ.എസ് തിരഞ്ഞെടുക്കാൻ ഡിസംബർ മൂന്നുവരെ സമയമുണ്ട്. പ്രതീക്ഷിച്ചത്ര ജീവനക്കാർ വി.ആർ.എസ് സ്വീകരിച്ചാൽ ബി.എസ്.എൻ.എല്ലിന് 7,000 കോടി രൂപയോളം ലാഭിക്കാനാകും.
ആകർഷകമായ വാഗ്‌ദാനങ്ങളാണ് വി.ആർ.എസ് പദ്ധതിയിലുള്ളത്. ഉദാഹരണത്തിന്, 53.5 വയസ് തികഞ്ഞ ജീവനക്കാരൻ വി.ആർ.എസ് സ്വീകരിച്ചാൽ ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ 125 ശതമാനം 60 വയസുവരെ കണക്കാക്കി നൽകും. കൂടാതെ ഗ്രാറ്റിവിറ്റിയും ഇ.പി.എഫും ഉടനേ ലഭിക്കും. 60 വയസു കഴിഞ്ഞ് പെൻഷനും കിട്ടും. 29,000 കോടി രൂപയാണ് വി.ആർ.എസിനായി സർക്കാർ നീക്കിവയ്‌ക്കുക.
ലയനം ഇങ്ങനെ
കഴിഞ്ഞ 23ന് ആണ് ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനതീരുമാനം സർക്കാർ പ്രഖ്യാപിച്ചത്. നാല് മാർഗങ്ങളിലൂടെയും ഘട്ടങ്ങളിലൂടെയുമാവും ലയനം. തത്കാലം 29,937 കോടി രൂപ കമ്പനിയെ കരകയറ്റാൻ ആവശ്യമാണ്. ഇതിനായി കേന്ദ്ര സർക്കാർ തന്നെ 15,000 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. കമ്പനിയുടെ സ്വത്ത് വിറ്റ് 4 വർഷത്തിനുള്ളിൽ 38,000 കോടി രൂപ കണ്ടെത്തും. 2016ലെ നിരക്കിൽ 4ജി സ്‌പെക്‌ട്രം നൽകും. വി.ആർ.എസ് പദ്ധതി പ്രഖ്യാപിച്ചതാണ് നാലാമത്തെ വഴി.