slave-trade-in-gulf

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിമ വ്യാപാരം തകൃതിയായി നടക്കുന്നു എന്ന റിപ്പോർട്ടുമായി ലോകത്തെ ഞെട്ടിപ്പിക്കുകയാണ് ബി.ബി.ബി. സമൂഹ മാദ്ധ്യമങ്ങളിലൂടെ അടിമകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബി.ബി.സി ന്യൂസ് അറബിക് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പതിനാറ് വയസുമുതലുള്ള പെൺകുട്ടികളെയാണ് അടിമകളാക്കപ്പെടുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ ദമ്പതികളെന്ന വ്യാജേന ബി.ബി.സി റിപ്പോർട്ടർമാർ അടിമവ്യാപാരികളെ സമീപിക്കുകയായിരുന്നു. ആഫ്രിക്കൻ വംശജരായ പെൺകുട്ടികളെ വീട്ടുജോലിക്കായി വിൽപ്പന നടത്തുവാനാണ് ഗൾഫ് നാടുകളിൽ എത്തിക്കുന്നത്.


' വീട്ടുജോലിക്കാർ വിൽപ്പനയ്ക്ക്; സിലിക്കൺ വാലിയിലെ അടിമ കച്ചവടം' എന്ന വീഡിയോയിലൂടെയാണ് അടിമവ്യാപാരത്തിന്റെ കാഴ്ചകൾ ബി.ബി.സി പുറംലോകത്തെ അറിയിക്കുന്നത്. വേഷം മാറിയെത്തിയ റിപ്പോർട്ടർമാരോട് പതിനാറുകാരിക്ക് 3800 അമേരിക്കൻ ഡോളറാണ് വിലയായി വ്യാപാരി ആവശ്യപ്പെടുന്നത്. ഇവൾ എന്ത് ജോലിയുമെടുക്കും പരാതിയൊന്നും പറയില്ല എന്ന വാക്കുകളാണ് വിൽപ്പന വസ്തുവിന്റെ മേൻമയായി അവകാശപ്പെടുന്നത്. കുവൈറ്റിലെ അടിമ വ്യാപാരത്തിനെ കുറിച്ച് പുറം ലോകം അറിഞ്ഞതോടെയാണ് ഭരണകൂടം രംഗത്തെത്തിയത്. ഇനിമേലിൽ ഇത്തരത്തിൽ അടിമ വ്യാപാരം ചെയ്യില്ലെന്ന് എഴുതി വാങ്ങിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നും എന്തെങ്കിലും ശിക്ഷ നടപടികൾ സ്വീകരിച്ചതായി അറിയില്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. യു.എൻ പ്രതിനിധികളുൾപ്പടെ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭഗത്തുനിന്നും പ്രതിഷേധ സ്വരം ഉയർന്നതോടെ കടുത്ത നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് ഭരണകൂടം നിർബന്ധിതമായിരിക്കുകയാണ്. സമൂഹ മാദ്ധ്യമളിലൂടെയുള്ള അടിമവ്യാപാരം തടയുന്നതിൽ ഭരണകൂടം വീഴ്ച വരുത്തിയതും ചർച്ചയാവുന്നുണ്ട്.