കേരളത്തിൽ ഉരുളക്കിഴങ്ങ് വിളയിച്ചെടുക്കാൻ കഴിയുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ, കഴിയും എന്നാണ് ഉത്തരം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഉരുളക്കിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്. ആദ്യം ചെയ്യേണ്ടത് കിളിർത്ത് മുള വന്ന കേട് വരാത്ത നല്ല കിഴങ്ങുകൾ തിരഞ്ഞെടുക്കുക എന്നതാണ്. അല്ലെങ്കിൽ കേടില്ലാത്ത വലുപ്പമുള്ള ഉരുളക്കിഴങ്ങുകൾ കടയിൽ നിന്നും വാങ്ങി ഇരുട്ടുമുറിയിൽ തറയിൽ വയ്ക്കുക. അവയ്ക്ക് മുകളിൽ നനഞ്ഞ ചണച്ചാക്ക് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുയും വേണം. മൂന്നാഴ്ച പിന്നിടുമ്പോൾ കിഴങ്ങുകളിൽ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണമെന്നതാണ്.
ആഗസ്റ്റ് സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് ഉരുളകിഴങ്ങ് കൃഷി ചെയ്യാൻ പറ്റിയ സമയം. കിളച്ച് വൃത്തിയാക്കിയ മണ്ണിൽ അടിവളമായി ചാണകപ്പൊടി , വേപ്പിൻ പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയിൽ നിശ്ചിത അകലത്തിൽ നടണം. മുളഭാഗം മുകളിൽ വരുംവിധമാണ് നടേണ്ടത്. രണ്ടു ചെടികൾ തമ്മിൽ 40 സെ. മീ. അകലം വേണം.
ഒരു മാസം ആകുമ്പോഴേക്കും വേപ്പിൻവളവും പിണ്ണാക്കും ചാരവും കൂട്ടിക്കലർത്തിയ മിശ്രിതം വളമായി ചേർത്തുകൊടുക്കണം. വിത്തു കിഴങ്ങ് നട്ട് 30 ദിവസം കഴിഞ്ഞും 70 ദിവസം കഴിഞ്ഞും ചുവട്ടിൽ മണ്ണിട്ടുകൊടുക്കണം. അതുപോലെ, രണ്ടാഴ്ച കൂടുമ്പോൾ വേപ്പണ്ണ മിശ്രിതം ഇലകളിൽ തളിച്ചു കൊടുക്കാനും ശ്രദ്ധിക്കണം. വേപ്പിൻ പിണ്ണാക്ക് ചേർത്താൽ നിമാവിരകളെ അകറ്റാം. രണ്ടാംവളം ചേർക്കൽ സമയത്ത് ചാരം, കാലിവളം എന്നിവയാണ് ചേർത്തുകൊടുക്കേണ്ടത്. നന്നായി വളർന്ന് തടങ്ങൾ മുഴുവനായി പച്ചപ്പ് മൂടിയാൽ തടത്തിൽ രണ്ടിഞ്ച് കനത്തിൽ മേൽമണ്ണ് വീണ്ടും കയറ്റികൊടുക്കണം. അതുപോലെ തറ ഇടയ്ക്കിടെ നനച്ചു കൊടുക്കുന്നത് ഉരുളക്കിഴങ്ങ് വലുതാകാൻ സഹായിക്കും. ഏകദേശം നാലുമാസം കഴിയുമ്പോൾ വിളവെടുക്കാം.