ചെന്നൈ: മെഴ്‌സിഡെസ്-ബെൻസിന്റെ പുത്തൻ ആഡംബര, വിവിധോദ്ദേശ്യ വാഹനമായ (എം.പി.വി) വി-ക്ളാസ് എലൈറ്ര് ഇന്ത്യൻ വിപണിയിലെത്തി. ബെൻസ് നേരത്തേ അവതരിപ്പിച്ച വി-ക്ളാസ് എക്‌സ്‌പ്രഷൻ, വി-ക്ളാസ് എക്‌സ്‌ക്ളുസീവ് എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെൻക് പുത്തൻ വി-ക്ളാസ് വിപണിയിലിറക്കി. 1.10 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
ബി.എസ്-6 ചട്ടങ്ങൾ പാലിക്കുന്ന കാറാണ് പുത്തൻ വി-ക്ളാസ്. ആറു സീറ്റർ വേർഷനാണുള്ളത്. മസാജിംഗ് സൗകര്യത്തോടു കൂടിയ സീറ്റുകൾ, ക്ളൈമറ്റ് കൺട്രോൾ, റിമോട്ട് കൺട്രോളുള്ള ഡോർ, 15-സ്‌പീക്കർ സറൗണ്ട് സൗണ്ട് സിസ്‌റ്രം, റഫ്രിജറേഷൻ സൗകര്യമുള്ള സെന്റർ കൺസോൾ, മികച്ച സസ്‌പെൻഷനുകൾ, പുത്തൻ ഗ്രിൽ, ഹെഡ്‌ലാമ്പ് ക്ളസ്‌റ്റർ എന്നിവ ആകർഷകണങ്ങളാണ്.
161 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കുമുള്ള, 2-ലിറ്റർ ഡീസൽ എൻജിനാണുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം 11.1 സെക്കൻഡിൽ കൈവരിക്കും. ആറ് എയർബാഗുകൾ ഉൾപ്പെടെ മികച്ച സുരക്ഷാ സൗകര്യങ്ങളുമുണ്ട്. ആകർഷകമായ ഏഴ് നിറങ്ങളിൽ പുത്തൻ വി-ക്ളാസ് ലഭിക്കും.