ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പാകിസ്ഥാൻ പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉദ്ഘാടനദിവസമായ ഇന്ന് സന്ദർശനം സൗജന്യമായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് ഇടനാഴി ഉപയോഗിക്കുന്ന എല്ലാ തീർത്ഥാടകരിൽ നിന്നും 20 ഡോളർ (1425 ഇന്ത്യൻ രൂപ) ഈടാക്കുമെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു.
കർത്താർപുർ തീർത്ഥാടനത്തിന് ഫീസ് ഏർപ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു പാക് പ്രധാനമന്ത്രി 2 ഇളവുകൾ പ്രഖ്യാപിച്ചത്. സന്ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് പാസ്പോർട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയൽ രേഖ മതി എന്നുമുള്ളതായിരുന്നു രണ്ടാമത്തെ ഇളവ്. എന്നാൽ, ഈ ഇളവ് കഴിഞ്ഞ ദിവസം തന്നെ സൈന്യം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫീസിളവും റദ്ദാക്കിയത്. അവസാന നിമിഷത്തിൽ പാകിസ്ഥാൻ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഒൗദ്യോഗിക വക്താവ് റാവേഷ് കുമാർ പറഞ്ഞു.
മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, നടനും എം.പിയുമായ സണ്ണി ഡിയോൾ, കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ഹർസിമ്രത് കൗൾ ബാദൽ തുടങ്ങിയവർ ഗുരുദ്വാര സന്ദർശിക്കുന്ന ആദ്യ 550 തീർത്ഥാടകരിൽ ഉൾപ്പെടുന്നു. കോൺഗ്രസ് എം.എൽ.എ നവജ്യോത്‌സിംഗ് സിദ്ധുവിന് പാക്കിസ്ഥാനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിരുന്നു.
പഞ്ചാബിൽ അവധി
പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയിൽ ദേര ബാബാ നാനകിൽ കർത്താർപുർ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഇതോടനുബന്ധിച്ച് പഞ്ചാബിലെ ഗുരുദാസ്പുർ, കപുർത്തല, അമൃത്‌സർ ജില്ലകൾക്ക് മുഖ്യമന്ത്രി ക്യാപ്ടർ അമരീന്ദർസിംഗ് അവധി പ്രഖ്യാപിച്ചു. ചടങ്ങിൽ സണ്ണി ഡിയോൾ എം.പിയും പങ്കെടുക്കും.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന് 4 കിലോമീറ്റർ അകലെ പാകിസ്ഥാനിലെ കർതാർപുരിലുള്ള ഡർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിക്ക് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ഡർബാർ സാഹിബിലാണ്.