മുംബയ്: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്നാവിസ്. ബി.ജെ.പി മന്ത്രിമാരോടൊപ്പം ചേർന്ന് രാജ്ഭവനിലെത്തി ഗവർണർക്ക് രാജി സമർപ്പിക്കുകയായിരുന്നു. കാവൽ മന്ത്രിസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫഡ്നാവിസ് രാജിവച്ചത്. അതേസമയം, മഹാരാഷ്ട്രയുടെ സർക്കാർ രൂപീകരണത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ എൻ.സി.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശിവസേന പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും ശരദ് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്.
മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ ശിവസേനയെ വിമർശിച്ച് ഫഡ്‌നാവിസ് രംഗത്തെത്തി. മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാമെന്നു ശിവസേനയ്ക്കു വാക്കു നൽകിയിട്ടില്ലെന്ന് ഫഡ്‌നാവിസ് വാർത്തസമ്മേളനത്തിൽ ആവർത്തിച്ചു. ജനവിധി അട്ടിമറിക്കുകയാണ് ശിവസേന ചെയ്‌തെതന്ന് ഫഡ്‌നാവിസ് പറഞ്ഞു. രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇക്കാര്യം അമിത്ഷായും നിതിൻ ഗഡ്കരിയും വ്യക്തമാക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി ചർച്ച നടത്താതെ എൻ.സി.പിയുമായും കോൺഗ്രസുമായും ചർച്ച നടത്തുകയാണ് ശിവസേന ചെയ്തതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി.