c

പറവൂർ: അബദ്ധത്തിൽ കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസിൽ കയറിയ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കണ്ടക്ടർ ഇറക്കിവിട്ടത് 10 കിലോമീറ്റർ അകലെ. പുലിവാലാകുമെന്ന് മനസ്സിലായപ്പോൾ മൂന്നു ദിവസം ലീവെടുത്ത് കക്ഷി മുങ്ങി. അവധി കഴിഞ്ഞ് ചൊവ്വാഴ്ച നേരെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നോട്ടീസ്. വിദ്യാർത്ഥികളുടെ വീട്ടുകാർ ബാലാവാകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും പരാതി നൽകിയിട്ടുണ്ട്.

കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിലെ ഏഴും എട്ടും ക്ളാസുകളിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളാണ് പറവൂർ ചേന്ദമംഗലം കവലയിൽ നിന്ന് ആലുവയ്ക്കുള്ള ബസിൽ കയറിയത്. മന്നത്തും മനയ്ക്കപ്പടിയിലും ഇറങ്ങേണ്ട ഇവർ കൺസെഷൻ കാർഡ് നൽകിയപ്പോഴാണ് സ്റ്റോപ്പ് കുറവുള്ള ടൗൺ ടു ടൗൺ ബസാണെന്ന് കണ്ടക്ടർ പറഞ്ഞത്.

അറിയാതെ കയറിയതാണെന്നും,​ ഇറങ്ങണമെന്നും പറഞ്ഞെങ്കിലും കണ്ടക്ടർ കേട്ടില്ല. ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ വീണ്ടും ആവശ്യപ്പെട്ടിട്ടും ബെല്ലടിച്ചില്ല. ഇതിനിടെ വിദ്യാർത്ഥികളിലൊരാൾ യാത്രക്കാരന്റെ മൊബൈൽ ഫോൺ വാങ്ങി വീട്ടുകാരെ അറിയിച്ചു. വിട്ടുകാർ ഫോണിലൂടെ കണ്ടക്ടറുമായി സംസാരിച്ചെങ്കിലും ചേന്ദമംഗലം കവല കഴിഞ്ഞാൽ പറവൂരിൽ മാത്രമേ സ്റ്റോപ്പ് ഉള്ളൂ എന്നായി കണ്ടക്ടർ.

പറവൂർ കവലയിൽ ഇറങ്ങിയ കുട്ടികളെ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് അയയ്‌ക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയെങ്കിലും കണ്ടക്ടറെക്കുറിച്ച് വിവരം നൽകാൻ അധികൃതർ തയ്യാറായില്ല. അന്വേഷിച്ചപ്പോൾ കൊല്ലം സ്വദേശിയാണെന്നു മനസ്സിലായി. പിന്നീടാണ് ഇയാൾ അവധിയെടുത്തു മുങ്ങിയ കാര്യം അറിഞ്ഞത്.