തൃക്കാക്കര : ഒമ്പതരലക്ഷം രൂപ കൂടി നികുതി അടച്ചതോടെ നടൻ പൃഥ്വിരാജ് വാങ്ങിയ ആഡംബര കാറിന് താത്കാലിക രജിസ്‌ട്രേഷൻ ലഭിച്ചു. ഇന്നലെ എറണാകുളം ആർ.ടി ഓഫീസിലാണ് തുക അടച്ചത്. താത്കാലിക രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി ഓൺലൈനിൽ നൽകിയ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച ബില്ലിൽ 30 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു. 1.34 കോടിയായിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് നികുതിയും അടച്ചു. എന്നാൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ യഥാർത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തി. തുടർന്ന് രജിസ്‌ട്രേഷൻ തടഞ്ഞു. 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തിൽ കുറച്ചു നൽകിയെന്ന് വാഹനം വിറ്റ സ്ഥാപനം വിശദീകരിച്ചു. ഡിസ്‌കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്ക് യഥാർത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. ഈ തുക അടയ്ക്കാതെ രജിസ്‌ട്രേഷൻ ചെയ്യാനാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തുടർന്ന് 9,54,350 രൂപ അടയ്ക്കുകയായിരുന്നു.