cpm

വയനാട് : യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എം വയനാട് ജില്ലാസെക്രട്ടറിക്കെതിരെ യുവതിയുടെ ഭർത്താവ്. യുവതിയുടെ മരണത്തിൽ ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കഴി‍ഞ്ഞ 21നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വൈത്തിരി സ്വദേശിയുടെ ഭർത്താവാണ് പരാതി നല്‍കിയത്. അതേസമയം പരാതിക്കുപിന്നിൽ ഗൂഢാലോചനയെന്ന് സി.പി.എം ജില്ലാ നേതൃത്വം പ്രതികരിച്ചു.

യുവതിയുടെ മൂന്നാം ഭർത്താവാണ് പരാതിക്കാരന്‍. മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും കൊലപാതകമാമെന്ന് സംശയിക്കുന്നെന്നുമാണ് പരാതി.

ഗഗാറിൻ ഭാര്യയെ നിരന്തരം വിളിക്കുമായിരുന്നെന്നും ഇവർ ഒരുമിച്ച് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽപോയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാർഡ് ഗഗാറിൻ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്. മരണത്തിൽ പ്രദേശവാസികളായ നാലുപേരെക്കൂടി സംശയിക്കുന്നെന്നും പരാതിയിൽ പറയുന്നുണ്ട്.

എസ്.പി പരാതി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിക്ക് കൈമാറി .പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്തു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാതയിൽ ജില്ലാ സെക്രട്ടറിയുടെ പേര് വലിച്ചിഴച്ചതിൽ ഗൂഡാലോചനയുണ്ടെന്നും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രതികരണം. മരണത്തെക്കുറിച്ചു നിഷ്പക്ഷ അന്വേഷണം വേണമെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.