ലാ പാസ്: തെക്കേ അമേരിക്കൻ രാജ്യമായ ബൊളിവിയയിൽ പ്രതിഷേധത്തിനിടെ പ്രതിപക്ഷം പട്ടാപ്പകൽ നടുറോഡിൽ വനിതാ മേയറുടെ മുടി മുറിച്ചു. വിന്റോ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാർട്ടി നേതാവുമായ പട്രീഷ്യ ആർസിനു നേരെയാണ് ആക്രമണമുണ്ടായത്. ചെരുപ്പ് പോലും ധരിക്കാൻ സമ്മതിക്കാതെ മേയറെ നഗരത്തിലൂടെ വലിച്ചിഴക്കുകയും ദേഹത്ത് ചുവന്ന ചായം ഒഴിക്കുകയും തുടർന്ന് ബലപ്രയോഗത്തിലൂടെ മുടി മുറിക്കുകയുമായിരുന്നു. പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികൾ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊന്നതായി റിപ്പോർട്ടുണ്ട്. ഇതിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെയാണു മേയർക്കും പങ്കുണ്ടെന്ന് ആരോപിച്ച് പ്രക്ഷോഭം ശക്തിപ്പെട്ടത്. കൊലപാതകി എന്നു വിളിച്ചാണു മുഖംമൂടി ധരിച്ച ആൾക്കൂട്ടം മേയറെ തടഞ്ഞതും മർദിച്ചതും. രാജിക്കത്തിൽ ബലമായി ഒപ്പിടീക്കുകയും ചെയ്തു മണിക്കൂറുകളോളം അക്രമികളുടെ കസ്റ്റഡിയിലായിരുന്ന ഇവരെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ടൗൺ ഹാളിന്റെ ജനാലകൾ തകർത്ത പ്രക്ഷോഭകർ മേയറുടെ ഓഫീസിന് തീയിട്ടു. ഒക്ടോബർ 20ന് നടന്ന വിവാദമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചതും കലാപം തെരുവിലേക്കു പടർന്നതും. സർക്കാരും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന കലാപ പരമ്പരകളിലെ ഏറ്റവും അവസാനത്തേത് ആണ് ഇത്.
തിരഞ്ഞെടുപ്പു ഫലം പുറത്തുവരാനിരുന്ന ദിവസം വോട്ടെണ്ണൽ 24 മണിക്കൂർ നിർത്തിവച്ചതോടെയാണു പ്രതിഷേധം അണപൊട്ടിയത്. 2006 മുതൽ അധികാരത്തിൽ തുടരുന്ന മൊറാലസ്, പ്രതിപക്ഷ സ്ഥാനാർഥി കാർലോസ് മെസയുടെ വിജയം തടയാനാണ് വോട്ടെണ്ണൽ നിർത്തിവച്ചതെന്ന് ആരോപിച്ചായിരുന്നു സമരം. മെസയേക്കാൾ 10 ശതമാനം പോയിന്റിന്റെ ലീഡിലാണു മൊറാലസ് ഭരണം നിലനിർത്തിയത്.